കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് വീണ്ടും മൂക്കുകുത്തി വീണു. സിപിഎം പിന്തുണയില്‍ കേരളാ കോണ്‍ഗ്രസ് എം പ്രതിനിധി വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റിയിലെ ഒഴിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന ചരല്‍ക്കുന്ന് തീരുമാനം ഒരിക്കല്‍ക്കൂടി കോട്ടയം ജില്ലാ പഞ്ചായത്തില്‍ കുഴിച്ചുമൂടി. ഇതോടെ കൂടുതല്‍ കുഴപ്പത്തിലായിരിക്കുന്നത് മാണിയെ ചാരത്തുനിര്ത്തണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിക്ക് നിര്‍ദ്ദേശം നല്കിയ കെപിസിസിയാണ്.
കേരളാ കോണ്‍ഗ്രസിലെ സെബാസ്റ്റിയന് കുളത്തുങ്കല്‍ കോണ്‍ഗ്രസിലെ ലിസമ്മ ബേബിയെയാണ് പരാജയപ്പെടുത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേതുപോലെ സിപിഐ യുടെ ഏകഅംഗം വിട്ടുനിന്നപ്പോള്‍ പി.സി. ജോര്‍ജ്ജിന്റെ ജനപക്ഷ പ്രതിനിധി പതിവുപോലെ വോട്ട് അസാധുവാക്കി. 22 അംഗ ജില്ലാ പഞ്ചായത്തില്‍ സെബാസ്റ്റിയന് 12 പേരുടെ പിന്തുണ ലഭിച്ചു. കോണ്‍ഗ്രസിന് 8ഉം. നിലവില്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനാണ് സെബാസ്റ്റിയന് കുളത്തുങ്കല്‍. ഇനി ഈ സ്ഥാനത്തേക്ക് മറ്റൊരു തെരഞ്ഞെടുപ്പുകൂടി നടക്കും.
വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായിരുന്ന സഖറിയ കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ വന്ന ഒഴിവിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. കേരളാ കോണ്‍ഗ്രസ് പ്രതിനിധി വിജയിച്ചതോടെ മൂന്നംഗ സമിതിയുടെ ചെയര്മാന് സ്ഥാനവും മാണി വിഭാഗത്തിന് തന്നെ ലഭിക്കും.
ഇത്തവണത്തെ പ്രത്യേകത പി. ജെ. ജോസഫിനെ വരുതിയിലാക്കിയാണ് മാണി കരുനീക്കങ്ങള്‍ നടത്തിയത്. ജോസഫ് അനുയായി കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ നിന്നുള്ള സെബാസ്റ്റിയന് കുളത്തിങ്കലിനെ മുന്‍നിര്‍ത്തിയായിരുന്നു നീക്കങ്ങള്‍. അതില്‍ വിജയം കണ്ടതോടെ കോട്ടയത്ത് മാണിയുടെ മുന്നില്‍ കോണ്‍ഗ്രസ് ഏതാണ്ട് പൂര്‍ണ്ണമായും നിലംപരിശായി.
തദ്ദേശ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് ധാരണ പ്രകാരം സ്റ്റാന്റിങ് കമ്മറ്റിയില്‍ ഒഴിവുവന്ന സ്ഥാനം കേരളാ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. ഇതിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ധാരണക്ക് വിരുദ്ധമാണെന്ന വാദമാണ് കേരളാ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: