ഇടുക്കി: ചെറുകിട തേയില കര്‍ഷകരെ കൊള്ളയടിക്കുന്ന തേയില ഫാക്ടറി ഉടമകള്‍ക്കെതിരെ ശക്തമായ നടപടികളുമായി ടീ ബോര്‍ഡ്. ചെറുകിട കര്‍ഷകര്‍ തേയില ഫാക്ടറികളില്‍ എത്തിക്കുന്ന ഒരു കിലോ കൊളുന്തിന് 14 രൂപ 61 പൈസ നല്‍കണമെന്നാണ് ടീ ബോര്‍ഡിന്റെ പുതിയ നിര്‍ദ്ദേശം. എന്നാല്‍ സ്വകാര്യ ഫാക്ടറികള്‍ കര്‍ഷകര്‍ക്ക് ആറ് മുതല്‍ എട്ട് രൂപ വരെമാത്രമാണ് വില നല്‍കുന്നത്.
ഫാക്ടറികളുടെ കൊള്ള മനസിലാക്കിയ ടീ ബോര്‍ഡ് കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇന്നലെ സര്‍ക്കുലര്‍ ഇറക്കി. സര്‍ക്കുലര്‍ പ്രകാരമുള്ള വില നല്‍കുന്നുണ്ടെന്ന് രേഖാമൂലം ടീ ബോര്‍ഡിനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍ 2015ല്‍ ടീ മാര്‍ക്കറ്റിങ് കണ്ട്രോള് ഓര്‍ഡര്‍ ഭേദഗതി ചെയ്തിരുന്നു. ഇത് ചെറുകിട കര്‍ഷകര്‍ക്ക് ഏറെ ഗുണമുണ്ടാകുന്നതായിരുന്നു. എല്ലാമാസവും മാര്‍ക്കറ്റ് വിലയ്ക്ക് ആനുപാതികമായി കൊളുന്തിന്റെ വില ടീ ബോര്‍ഡ് പ്രസിദ്ധീകരിച്ചിരുന്നു.
എന്നാല്‍ ചെറുകിട കര്‍ഷകരെ കൊള്ളയടിക്കുന്ന സമീപനം തേയില ഫാക്ടറി ഉടമകള്‍ തുടര്‍ന്നതോടെയാണ് ശക്തമായ നടപടികളുമായി ടീ ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. ഫാക്ടറികളിലെത്തി ഇടപാടുകള്‍ പരിശോധിക്കാനുള്ള നടപടികളും ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: