കോട്ടയം: ഇന്ത്യയിലെ റബ്ബറുത്പാദനത്തില്‍ കാര്യമായ വര്ദ്ധനയുണ്ടാകുന്നതായും 2017 ഏപ്രില്‍ മാസത്തില്‍ 2016 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് 23.1 ശതമാനം കൂടുതല്‍ ഉത്പാദനം നടന്നതായും റബ്ബര്‍ബോര്‍ഡ് അറിയിച്ചു. 2017 ഏപ്രില്‍ മാസത്തെ ഉത്പാദനം 48,000 ടണ്ണാണ്. 2016 ഏപ്രിലില്‍ ഇത് 39,000 ടണ്‍ ആയിരുന്നു. ഉത്പാദനം ഇതേ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഈ വര്‍ഷത്തെ ലക്ഷ്യമായ എട്ടു ലക്ഷം ടണ്‍ ഉത്പാദിപ്പിക്കാനാകുമെന്നും ബോര്‍ഡ് അറിയിച്ചു.
റബ്ബറിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുകയും കൃഷിച്ചെലവുകള്‍ കുറയ്ക്കുകയും ചെയ്യുകവഴി കൂടുതല്‍ ആദായം നേടാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്നതിനുള്ള വിവിധപരിപാടികള്‍ തുടരുകയാണ്. ഉത്പാദകസംഘങ്ങളുടെ സഹകരണത്തോടെ റീജിയണല്‍, ഫീല്ഡ്ഓഫീസ് തലങ്ങളില്‍ ഉത്പാദനക്ഷമതാവര്‍ദ്ധനയ്ക്കായി വിവിധപരിപാടികള്‍ നടപ്പാക്കിവരുന്നതായും ബോര്‍ഡ് അറിയിച്ചു. റബ്ബര്‍ബോര്‍ഡ് ഉടമസ്ഥതയിലുള്ള കമ്പനികളിലൂടെ റെയിന്ഗാര്ഡിങ്ങിനുള്ള പ്ലാസ്റ്റിക്, ഷെയ്ഡ്, പശ തുടങ്ങിയവയും സ്പ്രേയിങ്ങിനുള്ള തുരിശും കോപ്പര്‍ ഓക്സിക്ളോറൈഡും വിതരണം ആരംഭിച്ചു.
പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന'(പിഎംകെവിവൈ) പദ്ധതിപ്രകാരം റബ്ബര്‍ ടാപ്പര്‍മാര്‍ക്കായി നടപ്പാക്കിവരുന്ന നൈപുണ്യവികസനപദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചു. കേരളം, ത്രിപുര, അസം, തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലായി 22,000 പേര്‍ക്ക് പരിശീലനം നല്കാന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായും റബ്ബര്‍ ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: