പാനൂര്‍: തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ പാറമടകളിലെ അനധികൃത ഖനനം നിര്‍ത്തി വെയ്ക്കാന്‍ പ്രവേശന കവാടത്തില്‍ പോലീസ് എയ്ഡ് പോസ്റ്റും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്യാമറയും ചെക്ക്പോസ്റ്റും അടിയന്തിരമായി സ്ഥാപിക്കണമെന്ന് ജില്ലാപോലീസ് മേധാവിക്ക് സബ് കലക്ടര്‍ സി.എം.ഗോപിനാഥന്റെ നിര്‍ദ്ദേശം. പാത്തിക്കല്‍, നരിക്കോട്ട്മല, വാഴമല, കുഴിക്കല്‍, പൊടിക്കളം ഭാഗങ്ങളില്‍ ഖനനം നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും പൊട്ടിക്കുന്ന ഉപകരണങ്ങളും വാഹനങ്ങളുമായി തൊഴിലാളികള്‍ കടന്നു കളയുകയാണ് പതിവ്. ഇതു പരിസ്ഥിതി പ്രവര്‍ത്തകര്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ഇതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പു് നല്‍കിയിരുന്നു.
എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പോലീസ് നിരീക്ഷണം അട്ടിമറിക്കുകയായിരുന്നു. വടക്കെകളം മിച്ചഭൂമിയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ പോലും ഖനനം നടക്കുന്നുണ്ട്. പൊടിക്കളം ഭാഗത്തെ പാറമടകള്‍ മിക്കതും മിച്ചഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയാണെന്നത് ജില്ലാ ലീഗല്‍സര്‍വ്വീസ് അതോറിറ്റി ചെയര്മാന് ജഡ്ജ് എം.പി.ജയരാജ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞതാണ്. അതിന്റെ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. പ്രത്യേക സര്‍വ്വേ ടീമിനെ നിയോഗിച്ച് കൃത്യമായി സ്ഥലങ്ങള്‍ അളന്നു തിട്ടപ്പെടുത്തണമെന്ന് തഹസില്‍ദാറും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം തഹസില്‍ദാര്‍ നടത്തിയ പരിശോധനയില്‍ പൊടിക്കളം ഭാഗത്തു നിന്നും നടക്കുന്ന അനധികൃത ഖനനം കണ്ടെത്തിയിരുന്നു. പരിശോധന സംഘം എത്തുമ്പോഴേക്കും വാഹനങ്ങള്‍ ഉപേക്ഷിച്ച് തൊഴിലാളികള്‍ കടന്നു കളഞ്ഞിരുന്നു. അവിടെ വീണ്ടും ഖനനം നടക്കുന്നതായി പരാതി വന്നതിനെ തുടര്‍ന്ന് ജിയോളജി ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധന നടത്തി.
തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തില്‍ നടക്കുന്ന അനധികൃത ഖനനം അവസാനിപ്പിക്കാന്‍ ശാശ്വതമായ പരിഹാര നിര്‍ദ്ദേശമാണ് കലക്ടറുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: