തിരുവനന്തപുരം: സംസ്ഥാനത്തെഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതല്‍ പുനരാരംഭിക്കും. ഏതാനും ദിവസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകള്‍ നിശ്ചലമായിരുന്നു. പുതുക്കിയ പരിഷ്കാരവുമായി മുന്നോട്ട് തന്നെയെന്ന് സര്‍ക്കാരും പരിഷ്കാരം അനുവദിക്കില്ലെന്ന് ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ യൂണിയനുകളും നിലപാട് എടുത്തു. സിഐടിയു അടക്കമുള്ള സംഘടനകള്‍ സമരവുമായി രംഗത്തു വന്നു. തുടര്‍ന്ന് ചെറിയ ഇളവ് നല്കാന് സര്‍ക്കാര്‍ തയ്യാറായി. പരിഷ്കരണത്തില്‍ ഇളവ് വരുത്തിക്കൊണ്ട് ഗതാഗത വകുപ്പ് ഉത്തരവിറക്കി. തുടര്‍ന്ന് പരിഷ്കാരങ്ങള്‍ക്കെതിരായ കടുത്ത നിലപാടില്‍ നിന്ന് ഡ്രൈവിംഗ്
സ്കൂള്‍ ഉടമകള്‍ പിന്മാറി.
പ്രതിദിന ലൈസന്‍സ് ടെസ്റ്റുകളുടെ എണ്ണം 30 ല്‍ നിന്നും 40 ആക്കി ഉയര്‍ത്തി. ഇതില്‍ 25 പേര് ആദ്യമായി ടെസ്റ്റിന് എത്തുന്നവര്‍ ആയിരിക്കും. റീ ടെസ്റ്റിന് വരുന്ന 10 പേര്‍ക്കും അവസരം നല്‍കും. വിദേശത്ത് പോകുന്ന അഞ്ചുപേര്‍ക്കും പ്രതിദിനം ടെസ്റ്റ് നടത്തും. വിദേശത്ത് പോകുന്ന അഞ്ചുപേര്‍ ഹാജരാകുന്നില്ലെങ്കില്‍ ലേണേഴ്സ് കാലാവധി കഴിഞ്ഞ അഞ്ച് പേരെ പരിഗണിക്കും. ഇതിനു പുറമെ നിലവിലെ പല നിബന്ധനകളും നടപ്പാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
15 വര്‍ഷം കാലാവധി പൂര്‍ത്തിയായ വാഹനം മാറ്റുന്നതിന് ആറ് മാസത്തെ സമയമാണ് അനുവദിച്ചത്. ഡാഷ് ബോര്‍ഡ് ക്യാമറ സ്ഥാപിക്കാന്‍ മൂന്ന് മാസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് എച്ച് എടുക്കല്‍ എന്ന ക്രമത്തിലാകും ടെസ്റ്റുകള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: