തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ ആരോഗ്യമന്ത്രി ആശുപത്രിയില്‍ മദ്യക്കുപ്പി കണ്ട് ഞെട്ടി. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രി ജീവനക്കാരന് മരിക്കുകയും ഡോക്ടര്‍മാര്‍ക്കടക്കം പനി പടരുകയും ചെയ്ത സാഹചര്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് മദ്യക്കുപ്പി കണ്ട് ഞെട്ടിയത്.
അതേസമയം പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ആരോഗ്യവകുപ്പും നഗരസഭയും പരസ്പരം പഴിചാരി. നഗരസഭയിലെ താഴെത്തട്ടിലെ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് മന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ നഗരത്തില്‍ ഡെങ്കിപ്പനി വ്യാപകമാകാന്‍ കാരണം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചതാണെന്ന് മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. അതിനിടെ ഇന്നലെ ജില്ലയില്‍ 51 പേര്‍ക്കു കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് മന്ത്രി എത്തിയത്. മന്ത്രിയെത്തിയിട്ടും കൃത്യസമയത്ത് ഡ്യൂട്ടിക്ക് എത്താത്ത ഡോക്ടര്‍മാരും ജീവനക്കാരും. ആശുപത്രിയില്‍ മദ്യ, ബിയര്‍ കുപ്പികളുടെ ശേഖരം, കുട്ടികളുടെ മരുന്ന് സൂക്ഷിക്കുന്നത് തുരുമ്പിച്ച അലമാരകളില്‍. ആശുപത്രി മാലിന്യങ്ങള്‍ നിറഞ്ഞ് ദയനീയാവസ്ഥയില്‍.
ഞെട്ടിക്കുന്ന കാഴ്ച കണ്ട മന്ത്രി ഡോക്ടര്‍മാരെയും ജീവനക്കാരെയും ശകാരിച്ചു. ഡോക്ടര്‍മാരുടെ അടിയന്തരയോഗവും വിളിച്ചുചേര്‍ത്തു. ആശുപത്രി പരിസരത്ത് മദ്യത്തിന്റെയും ബിയറിന്റെയും കാലിക്കുപ്പികള്‍ കണ്ട മന്ത്രി സുരക്ഷാവീഴ്ചകളില്‍ വിശദീകരണം തേടി. മന്ത്രിയെത്തുമെന്ന് മുന്‍കൂട്ടി അറിയിച്ചിട്ടും ആശുപത്രിയിലെത്താന്‍ വൈകിയ സൂപ്രണ്ടുള്പ്പെടെയുള്ളവരെയും മന്ത്രി ശാസിച്ചു. കൃത്യം എട്ടുമണിക്ക് ഓരോരുത്തരും അവരവരുടെ ഡ്യൂട്ടി സ്ഥലങ്ങളിലുണ്ടാകണമെന്ന് മന്ത്രി കര്‍ശനനിര്‍ദേശം നല്കി. അനുസരിക്കാത്തവര്‍ പണി വേറെ അന്വേഷിച്ചോളാനും മുന്നറിയിപ്പു നല്കി.
ആശുപത്രിയിലെ ഒന്നും രണ്ടും വാര്‍ഡുകളിലാണ് ആദ്യം മന്ത്രിയെത്തിയത്. ഇവിടെ ചികിത്സയില്‍ കഴിഞ്ഞ പനിബാധിതരോട് വിവരങ്ങള്‍ തിരക്കി. ജീവനക്കാരുടെ പെരുമാറ്റത്തെപറ്റി ചോദിച്ചറിഞ്ഞു. രോഗികള്‍ക്ക് മരുന്നും വിദഗ്ധ ചികിത്സയും ഡെങ്കിപ്പനി ബാധിതര്‍ക്ക് കൊതുകുവലയും ആശുപത്രിയില്‍ നിന്ന് നല്‍കുമെന്ന് ഉറപ്പാക്കിയ മന്ത്രി പിന്നീട് കുട്ടികളുടെ വാര്‍ഡിലേക്കാണ് പോയത്. അവിടെ വാര്‍ഡില്‍ കാണപ്പെട്ട അലമാര തുറന്ന മന്ത്രി ഞെട്ടി. തുരുമ്പെടുത്ത് വൃത്തിഹീനമായ അലമാരയിലാണ് കുട്ടികള്‍ക്ക് ഇഞ്ചക്ഷനുള്ള മരുന്നും സിറിഞ്ചും പഞ്ഞിയും സൂക്ഷിച്ചിരുന്നത്.
വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ നേരിട്ട് ശകാരിച്ച മന്ത്രി വൈകുന്നതിന് മുമ്പ് എല്ലാ ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ സമ്പൂര്‍ണ ശുചീകരണം നടത്തണമെന്നും ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ശുചിത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. വാര്‍ഡുകളിലും പുറത്തുമായി പലസ്ഥലങ്ങളിലും മാലിന്യം കൂട്ടിയിട്ടിരിക്കുന്ന കാഴ്ചകളും മന്ത്രി കാണാനിടയായി.
ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ജീവനക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടയും കുറവ് അധികൃതര്‍ ശ്രദ്ധയില്‍പ്പെടുത്തി. ആശുപത്രി മാനേജിംഗ് കമ്മിറ്റി ഫണ്ടുപയോഗിച്ച് ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാനും ആവശ്യമായ ജീവനക്കാരെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കാനും മന്ത്രി നിര്‍ദേശിച്ചു.
വാര്‍ഡുകളിലെ സന്ദര്‍ശനശേഷം ജീവനക്കാരുടെ യോഗം വിളിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാവശ്യമായ കര്‍ശന നിര്‍ദേശങ്ങളും നല്കി. മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയുടെ മുക്കുംമൂലയുമുള്പ്പെടെ മുഴുവന്‍ ഭാഗങ്ങളും ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരിക്കാനാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: