തിരുവനന്തപുരം: കേരളം വീണ്ടും ഡെങ്കിയുടെ പിടിയില്‍. തലസ്ഥാന ജില്ല ഡെങ്കിപ്പനിയുടെയും തലസ്ഥാനമായി. സംസ്ഥാനം പനിച്ചൂടില്‍ വിറയ്ക്കുമ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാതെ ആരോഗ്യവകുപ്പ് നിസ്സംഗത പുലര്‍ത്തുകയാണ്. ഇന്നലെവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയ ഡെങ്കിപ്പനി ബാധിതര്‍ 3560 ആണ്. ഇതില്‍ 2270 പേരും തിരുവനന്തപുരത്തുകാരാണ്. സംസ്ഥാനത്തൊട്ടാകെ ഇതുവരെയുള്ള കണക്കനുസരിച്ച് ഈ വര്‍ഷം 68 പേര് ഡെങ്കി ബാധിച്ച് മരിച്ചിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരെ കുറിച്ച് കൃത്യമായ കണക്കില്ല. അതുകൂടി ചേര്‍ത്താല്‍ സംസ്ഥാനത്തെ പനിക്കണക്ക് ഇരട്ടിയായേക്കും. തിരുവനന്തപുരം നഗരത്തിലാണ് ഏറ്റവുമധികം പകര്‍ച്ചപ്പനി ബാധിതര്‍. മഴക്കാലപൂര്‍വ ശുചീകരണത്തിലും മാലിന്യ നിര്‍മാര്‍ജനത്തിലും നഗരസഭ വീഴ്ച വരുത്തിയതാണ് പ്രശ്നം ഇത്രത്തോളം വഷളാക്കിയതെന്ന് ആക്ഷേപമുണ്ട്.
പകര്‍ച്ചപ്പനി പിടിപെട്ടവരില്‍ ഏറെയും ചികിത്സയ്ക്കായി ആശ്രയിക്കുന്ന തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയാകട്ടെ പരിമിതികളില്‍ നട്ടംതിരിയുകയാണ്. ജനറല്‍ ആശുപത്രിയിലെ 25 ഹൗസ് സര്ജന്മാരും അന്‍പതോളം ജീവനക്കാരും ഡെങ്കിയുടെ പിടിയിലാണ്. ഇവരില്‍ ഭൂരിഭാഗം പേരും കിടത്തിച്ചികിത്സയ്ക്ക് വിധേയരായിട്ടുണ്ട്. രണ്ടായിരത്തോളം രോഗികളാണ് ദിനംപ്രതി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടുന്നത്. ആകെയുള്ളത് അറുപതില്‍ താഴെ ഡോക്ടര്‍മാര്‍. പകര്‍ച്ചപ്പനിയുമായി എത്തുന്നവര്‍ക്ക് ഇവിടെ പ്രത്യേക വാര്‍ഡ് സജ്ജീകരിക്കാന്‍ അധികൃതര്‍ക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. മറ്റ് രോഗികള്‍ക്കൊപ്പമാണ് ഇവരെയും കിടത്തുന്നത്. അതുകൊണ്ടുതന്നെ മറ്റേതെങ്കിലും അസുഖവുമായി എത്തിയാല്‍ ഡെങ്കിപ്പനിയുമായി മടങ്ങാമെന്നതാണ് ജനറല്‍ ആശുപത്രിയിലെ സ്ഥിതി.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 198 പേര്‍ക്കാണ്. കൊല്ലത്ത് ഇന്നലെയും മിനിഞ്ഞാന്നുമായി 30 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് ജില്ലകളിലും പകര്‍ച്ചപ്പനി ഭീതി പരത്തുന്നു. എച്ച് 1 എന്‍ 1 സ്ഥിരീകരിച്ച 487 ല്‍ 36 പേര് ഇതേവരെ മരണമടഞ്ഞതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എലിപ്പനിയും സംസ്ഥാനത്ത് പടരുന്നുണ്ട്. ആറുപേര്‍ ഇതിനോടകം എലിപ്പനി പിടിപെട്ട് മരിച്ചു. 468 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഉടനുണ്ടായേക്കാവുന്ന മഴക്കാലം സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയേക്കും. പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ മുമ്പ് ഡിഎംഒ കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയോഗിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ശമ്പള കുടിശ്ശിക വരുത്തിയതുമൂലം ഒരു താത്കാലിക ജീവനക്കാരന് ആത്മഹത്യ ചെയ്ത നടുക്കം ഇതേവരെ വിട്ടുമാറിയിട്ടില്ല. അതുകൊണ്ടുതന്ന കരാര്‍ ജീവനക്കാരുടെ സേവനം ആരായാന്‍ ആരോഗ്യവകുപ്പിനും ഏറ്റെടുക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്കും കഴിയില്ല.
നഗര, ഗ്രാമ വ്യത്യാസമില്ലാതെ കൊതുകുകള്‍ മൂളിപ്പറക്കുമ്പോള്‍ ഫോഗിംഗ് ഉള്‍െപ്പടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാകുന്നില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ എത്തുന്ന ഇടവപ്പാതിക്ക് മുമ്പ് പൊതുസ്ഥലങ്ങളും ഓടകളും മാലിന്യമുക്തമാക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനമുണ്ടാകണം. ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും മാത്രം പോര. പരിസര ശുചീകരണത്തിനുള്ള തീവ്രശ്രമങ്ങളുണ്ടാകണം. ഇല്ലെങ്കില്‍ ഈ മഴക്കാലം സംസ്ഥാനത്ത് പനിക്കാലമായി മാറും; കേരളത്തില്‍ പനി മരണം താണ്ഡവനൃത്തമാടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: