തിരുവനന്തപുരം: പുന്നപ്ര- വയലാര്‍ സമരനായകനായ വി.എസ് അച്യുതാനന്ദനും ഇന്നലെവരെ അഴിമതിയുടെ ആള്‍രൂപമെന്ന് വിശേഷിപ്പിക്കപ്പെട്ട ആര്.ബാലകൃഷ്ണപിള്ളയും പിണറായി സര്‍ക്കാരിന് ഒരുപോലെയാണെന്ന് പി.ടി തോമസ്. വിഎസിന്റെ അതേ പദവി നല്കി ബാലകൃഷ്ണപിള്ളയെ ചുമക്കാന്‍ നാണമില്ലേയെന്നും നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പി.ടി.തോമസ് ചോദിച്ചു.
പിണറായി എല്ലാത്തരം ഒത്തുതീര്‍പ്പിന്റെയും ആളായി മാറിയിരിക്കുന്നു. പിള്ളയെ അഴിമതിക്കാരനെന്ന് വിളിച്ചവര്‍ എത്ര പെട്ടെന്നാണ് അദ്ദേഹത്തിന് വിഎസിന് സമാനമായ പദവി നല്കയത്. അഴിമതിക്കെതിരെ വോട്ടുപിടിച്ച് അധികാരത്തില്‍ വന്നവര്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ല. ഡിവൈഎഫ്ഐയുടെ നേതാക്കളായ എംഎല്‍എമാര്‍ക്ക് ഇരിക്കുന്നിടത്ത് വേരുറച്ചില്ലെങ്കില് മറുപടി പറയണം.
സമരം ചെയ്ത് വിദ്യാര്‍ത്ഥികള്‍ അടിവാങ്ങുന്ന സമയത്താണ് ബാലകൃഷ്ണപിള്ളയെ മുന്നാക്ക സമുദായ കോര്പ്പറേഷന് ചെയര്‍മാനാക്കിയത്. ഡിവൈഎഫ്ഐ നീതിയാത്ര നടത്തുകയാണ്. കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും രക്ഷിക്കാനുള്ള അനീതി യാത്രയാണത്. സിപിഐക്കാരെ കുറ്റപ്പെടുത്തുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് കേരളത്തിലെ സിപിഐ നേതൃത്വം നല്‍കും. അവരുടേത് ശരിയായ രാഷ്ട്രീയമാണെന്നും തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: