തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ വീഴ്ചകള്‍ തുടരുന്നു. എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നതിലാണ് ഇക്കുറി വകുപ്പ് വീഴ്ചവരുത്തിയത്. ആകെ 616 ചോദ്യങ്ങള്‍ക്കാണ് ആഭ്യന്തരവകുപ്പ് ഉത്തരം നല്‍കാതെ മാറ്റിവച്ചത്. ബുധനാഴ്ച സഭയില്‍ ഉന്നയിച്ച 165 ചോദ്യങ്ങളില്‍ വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് ആഭ്യന്തരവകുപ്പ് മറുപടി നല്‍കാതിരുന്നത്.
ടി.പി. സെന്‍കുമാര്‍, ജിഷയുടെ കൊലപാതകം, ലാവ്ലിന് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കാതിരുന്നത്. വിവരശേഖരണം നടക്കുന്നതേയുള്ളൂ എന്നാണ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം.
നല്കിയ മറുപടികളാകട്ടെ പലതും കൃത്യമായവയല്ല. ഈ സഭാസമ്മേളനം തുടങ്ങിയശേഷം 616 ചോദ്യങ്ങള്‍ക്കാണ് ആഭ്യന്തരവകുപ്പില്‍ നിന്ന് ഉത്തരം നല്കാന് ഇനിയും ബാക്കിയുള്ളത്.
നിയമസഭാ സാമാജികരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വൈകുന്നതിനെതിരെ കഴിഞ്ഞദിവസം സ്പീക്കര്‍ മുന്നറിയിപ്പു നല്‍കുകയും സഭാ സമ്മേളനം അവസാനിക്കുന്ന മെയ് 25 ന് മുമ്പ് മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരിക്കണമെന്ന് റൂളിംഗ് നല്‍കുകയും ചെയ്തിരുന്നു.
എന്നിട്ടും നിരുത്തരവാദപരമായ സമീപനം തുടരുകയാണെന്ന് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നു. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: