ആലപ്പുഴ: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഉജ്വലവിജയം നേടി. ജില്ലയിലെ 24 സ്‌കൂളുകളിലായി എസ്എസ്എല്‍സി പരീക്ഷയെഴുതിയ 1,002 കേഡറ്റുകളും വിജയിച്ചു.
ഇതില്‍ 95 പേര്‍ക്ക് എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചു. 111 പേര്‍ക്ക് ഒമ്പത് എപ്ലസും 81 പേര്‍ക്ക് എട്ട് എപ്ലസും ലഭിച്ചു.
പ്ലസ്ടു പരീക്ഷയിലും തകര്‍പ്പന്‍ വിജയം നേടി. ജില്ലയിലെ അഞ്ച് സ്‌കൂളുകളിലായി പരീക്ഷയെഴുതിയ 190 കേഡറ്റുകളും ജയിച്ചു. ഇതില്‍ 35 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു.
സേവന മികവിലും പഠനത്തിലും സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഉജ്വലവിജയമാണ് കാഴ്ചവച്ചതെന്ന് ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് പറഞ്ഞു. മികച്ച വിജയം നേടിയ കേഡറ്റുകളെ ജില്ലാതലത്തില്‍ അനുമോദിക്കുമെന്ന് ജില്ലാനോഡല്‍ ഓഫീസര്‍ പി.കെ. ഗോപാലന്‍ ആചാരി പറഞ്ഞു.
















