ആലപ്പുഴ: അത്യപൂര്‍വ്വമായി സംസ്ഥാനത്ത് വിളയുന്ന പെരുംജീരകം തീരദേശമണലില്‍ വിളഞ്ഞത് കൗതുകമായി. മാരാരിക്കുളം തെക്ക് 12-ാം വാര്‍ഡില്‍ പൂങ്കാവ് പറത്തറ വലിയവീട് സിബിച്ചന്‍ ജോസഫിന്റെ വീട്ടിലാണ് പെരുംജീരകം വളര്‍ന്നതും വിളഞ്ഞതും.
വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ പച്ചക്കറികൃഷി നടത്തുന്നുണ്ട്. വെണ്ടയ്‌ക്ക, ചീര, കപ്പ എന്നിവയ്‌ക്കിടയിലാണ് ജീരകവും പാകമായി നില്‍ക്കുന്നത്. നട്ടുവളര്‍ത്താതെ തന്നെ, സ്വയം വളര്‍ന്നുവന്ന ഇനമേതെന്നറിയാതെ തന്നെ വീട്ടുകാര്‍ വളമിടുകയും പരിപാലിക്കുകയും ചെയ്തു. പിന്നീടാണ് നാലടിയോളം ഉയരത്തില്‍ മഞ്ഞപ്പൂക്കളോടുക്കൂടി വിളഞ്ഞു നില്‍ക്കുന്നത് പെരുംജീരകച്ചെടികളാണെന്ന് വ്യക്തമായത്.
വിദേശത്ത് ജോലി ചെയ്യുന്ന സിബിച്ചന്റെ ഭാര്യ ബ്രൈറ്റിയാണ് കൃഷിയും മറ്റും നോക്കുന്നത്. ജീരകം കൃഷിചെയ്യാന്‍ മിതമായ കാലാവസ്ഥയാണ് അനുയോജ്യം. അധികം ചൂടുള്ള കാലാവസ്ഥ ഇതിന്റെ വളര്‍ച്ചക്ക് ഒട്ടും യോജിച്ചതുമല്ല. എന്നാല്‍ വിപരീത സാഹചര്യത്തിലും തീരദേശ മണ്ണില്‍ ജീരകം ഫലമണിഞ്ഞതാണ് ഇപ്പോള്‍ കൗതുകമായിരിക്കുകയാണ്.
ഇന്ത്യയില്‍ കേരളം, ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടത്തും ജീരകം കൃഷി ചെയ്യുന്നുണ്ട.് മിതമായ കാലാവസ്ഥയുള്ളയിടങ്ങളില്‍ ജലസേചനം നടത്തിയും കൃഷി ചെയ്യാവുന്ന ഒരു വിളയാണിത്. കൃഷിയിടത്തിലെ കൗതുകക്കാഴ്ച കാണാന്‍ നിരവധിപ്പേര്‍ എത്തുന്നുണ്ട്.
















