ആലുവ: ഹീമോഫീലിയ ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഇംഗ്ലണ്ടിലെ ചികിത്സാകേന്ദ്രങ്ങളുമായി സഹകരിച്ച് ട്വിന്നിംഗ് പരിപാടിക്ക് ധാരണയായി. സംസ്ഥാനം സന്ദര്‍ശിക്കുന്ന വേള്‍ഡ് ഹീമോഫീലിയ ഫെഡറേഷന്‍ പ്രതിനിധികള്‍ ഇന്നസെന്റ് എംപിയുടെ സാന്നിധ്യത്തില്‍ കേരളത്തിലെ മുന്‍നിര ചികിത്സാകേന്ദ്രമായ ആലുവ ജില്ലാ ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഹീമോഫീലിയ ചികിത്സാരംഗത്ത് വിദേശ രാജ്യങ്ങളില്‍ മാത്രം അനുവര്‍ത്തിക്കുന്ന അക്വാ തെറാപ്പി ഇവിടേക്ക് പകര്‍ത്തുന്നതിനായി അക്വാ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം പരിഗണിക്കുമെന്ന് ഇന്നസെന്റ് അറിയിച്ചു. ആലുവയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഫെഡറേഷന്‍ പ്രതിനിധികളും ഇംഗ്ലണ്ടിലെ ന്യൂ കാസില്‍ ഹീമോഫീലിയ സെന്ററിലെ ഡോക്ടര്‍മാരുമായ ഡോ. ടിനാബിസ്, ഡോ. പോള്‍ മര്‍ഫി എന്നിവരും ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അനില്‍കുമാര്‍, ഡോ. വിജയകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
















