പള്ളുരുത്തി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ടെയ്‌നര്‍ ട്രെയിലര്‍ തൊഴിലാളികള്‍ 25 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ട്രെയ്‌ലറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കുക, തൊഴിലാളികളുടെ ബാറ്റ വെട്ടിക്കുറക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക, വാഹനങ്ങളുടെ വാടക നിശ്ചയിക്കുന്നതിന് ചുമതലപ്പെടുത്തിയ നാറ്റ്പാക്ക് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക, എന്നീ ആവശ്യങ്ങളാണ് തൊഴിലാളി സംഘടനകള്‍ ഉന്നയിക്കുന്നത്.
ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യം ആവശ്യപ്പെട്ട് യൂണിയനുകള്‍ പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ടെര്‍മിനലിനു് സമീപത്തായി നാലേക്കറില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് നല്‍കിയ ഉറപ്പും പാലിക്കപ്പെട്ടില്ലെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞാഴ്ച തുറമുഖ മന്ത്രിയുമായി വീണ്ടും ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരമായില്ലെന്ന് ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ പി.എസ്.ആഷിക്ക്, കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.
















