തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ അട്ടിമറിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പി.ടി. തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിയത്. സര്‍വകക്ഷി യോഗത്തിന് ശേഷം ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വേഗതയില്ലെന്നും പി.ടി തോമസ് വിമര്‍ശിച്ചു.
ബിനോയ് വിശ്വം വനം മന്ത്രിയായിരുന്നപ്പോള്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച ഉത്തരവ് പുനഃപരിശോധിക്കുന്ന വിവരം സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ മറച്ചുവെച്ചു. ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ് അടക്കമുള്ളവരുടെ കൈയേറ്റങ്ങള്‍ സാധൂകരിക്കുന്നതിനാണ് ഉത്തരവ് പുനഃപരിശോധിക്കാനുള്ള സര്‍ക്കാര്‍ നീക്കമെന്നും തോമസ് ചൂണ്ടിക്കാട്ടി.
ഏലമലക്കാടുകളില്‍ മരങ്ങളുടെ ശിഖരം മുറിക്കാനും നീലക്കുറിഞ്ഞി സംരക്ഷണ മേഖലയിലെ മരം മുറിക്കാനും അനുമതി നല്‍കാന്‍ മാര്‍ച്ച് 27ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഈ യോഗത്തിന്റെ റിപ്പോര്‍ട്ട് പി.ടി തോമസ് സഭയില്‍ വായിച്ചു.
സര്‍ക്കാര്‍ ഭൂമിയിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് തുടരുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സഭയെ അറിയിച്ചു. സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിക്ക് ഏത് വകുപ്പിലും ഇടപെടാം. സര്‍വകക്ഷി യോഗത്തിന് ശേഷവും മൂന്നാറില്‍ നടപടികള്‍ തുടരുകയാണ്. എന്നാല്‍, കൂട്ടുത്തരവാദിത്തം ഇല്ലെന്ന് ആരോപിച്ച് പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നതെന്നും റവന്യൂ മന്ത്രി ആരോപിച്ചു.
















