കാസര്‍കോട്: കഴിഞ്ഞ ദിവസം നടന്ന പോസ്റ്റുമാന്‍ കം മെയില്‍ ഗാര്‍ഡ് പരീക്ഷയ്‌ക്ക് കാസര്‍കോട് വിദ്യാനഗറിലെ ചിന്മയാ വിദ്യാലയത്തിലും കാസര്‍കോട് ഗവ. കോളജിലും പങ്കെടുത്ത 186 പേരില്‍ 170 പേരും ഹരിയാന സ്വദേശികള്‍. പരീക്ഷയെഴുതിയ മലയാളികള്‍ പത്തില്‍ താഴെ മാത്രം. ബാക്കി മറ്റ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍.
പോസ്റ്റുമാന്‍ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് ഹരിയാന സ്വദേശികള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങോത്തും കാസര്‍കോട് സിഐപി.അജിത്കുമാറുമാണ് അന്വേഷണം നടത്തുന്നത്.
മണിപ്പാല്‍ ആസ്ഥാനമായുള്ള സ്വകാര്യ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് വിദ്യാനഗറിലും കാസര്‍കോട്ടും പോസ്റ്റുമാന്‍ പരീക്ഷ നടന്നത്. ഡിസംബറില്‍ തമിഴ്‌നാട്ടില്‍ നടന്ന പരീക്ഷയില്‍ നിരവധി ഹരിയാന സ്വദേശികളാണ് വിജയിച്ചത്. ഇതോടെ പോസ്റ്റുമാന്‍ പരീക്ഷയുടെ മറവില്‍ വലിയ തട്ടിപ്പുകള്‍ നടക്കുന്നതായുള്ള സംശയം കേന്ദ്ര ഏജന്‍സികള്‍ക്കുണ്ടായിരുന്നു. തപാല്‍വകുപ്പിനും ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് കേരളത്തിലെ മുഴുവന്‍ ഹരിയാനക്കാരെയും കാസര്‍കോട്ടെ രണ്ടുപരീക്ഷാകേന്ദ്രങ്ങളിലെത്തിക്കുകയും നിരീക്ഷണമേര്‍പ്പെടുത്തുകയും ചെയ്തത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചുള്ള കര്‍ശന പരിശോധന പരീക്ഷാ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്താനുണ്ടായ സാഹചര്യവും ഇതാണ്.
കേരളത്തില്‍ മുന്നൂറോളം പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. കാസര്‍കോട്ടെ രണ്ടിടങ്ങളിലല്ലാതെ മറ്റെവിടെയും ഈ രീതിയിലുള്ള പരിശോധന നടന്നിട്ടില്ല. കേരളത്തില്‍ എണ്ണൂറോളം ഹരിയാന സ്വദേശികളാണ് പരീക്ഷക്ക് അപേക്ഷിച്ചിരുന്നത്. ഇവരില്‍ മുന്നൂറുപേര്‍ മാത്രമാണ് വെബ്‌സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തത്. എന്നാല്‍ കാസര്‍കോട്ടെത്തി പരീക്ഷയെഴുതിയത് 170 പേര്‍ മാത്രമായിരുന്നു.
അതിനിടെ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഹരിയാന സ്വദേശി കുല്‍വന്തിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കും കസ്റ്റഡിയില്‍ കിട്ടുന്നതിന് വിദ്യാനഗര്‍ സിഐ കോടതിയില്‍ ഹരജി നല്‍കി. പരിക്ഷാ തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റാണ് ഉള്ളതെന്ന് പോലീസ് വ്യക്തമാക്കി.
















