തിരുവനന്തപുരം: ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് പരാതി നല്‍കി. പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് കാരണം കൂടാതെ മാറ്റിയെന്ന് ആരോപിച്ചാണ് ബീന പരാതി നല്‍കിയത്. മാറ്റിയത് ചട്ടവിരുദ്ധമായാണ്. മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. സെന്‍കുമാര്‍ പ്രതികാരബുദ്ധിയോടെ പെരുമാറുകയാണെന്നും ബീന പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ ബീനയുടെ പരാതിയില്‍ കഴമ്പില്ലെന്ന് ഡിജിപിയുടെ ഓഫീസ് വിശദീകരിച്ചു.
ബീനയെ അപ്രധാനമായ യു ബ്രാഞ്ചിലേക്കാണ് മാറ്റിയത്. പകരം എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സി.എസ്. സജീവ് ചന്ദ്രനെ ടി ബ്രാഞ്ചിലേക്ക് നിയമിച്ചെങ്കിലും അദ്ദേഹം ചുമതലയേല്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് രണ്ടു മണിക്കൂറിനുള്ളില്‍ പേരൂര്‍ക്കട എസ്എപിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ നിയമിച്ച് പുതിയ ഉത്തരവിറക്കി.
ബീനയെ മാറ്റിയതിനെതിരെ പോലീസ് ആസ്ഥാനത്തെ ഒരുവിഭാഗം ജീവനക്കാര്‍ രംഗത്തെത്തിയതായി അറിയുന്നു. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ സമയത്ത് പുറ്റിങ്ങല്‍, ജിഷ കേസുകളെ സംബന്ധിച്ച രേഖകള്‍ ആരോ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നെന്നും അത് നല്‍കാന്‍ വിസമ്മതിച്ചതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നുമാണ് ഈ ഉദ്യോഗസ്ഥരുടെ ആക്ഷേപം.
ബീനയെ മാറ്റിയത് പോലീസ് സേനയുടെ മികവ് വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണെന്നാണ് ഡിജിപിയുടെ ഓഫീസിന്റെ പ്രതികരണം. ഭരണകക്ഷി എംഎല്‍എയെ ശാരീരികമായി ആക്രമിക്കുമെന്ന പരാതി ആറുമാസമായി ഡിജിപി ഓഫീസില്‍ പൊടിപിടിച്ചിരിക്കുകയായിരുന്നു. ഇതിന്മേല്‍ കഴിഞ്ഞദിവസം നടപടി സ്വീകരിക്കാന്‍ സെന്‍കുമാര്‍ ഉത്തരവിട്ടിട്ടും ഫയല്‍ നീങ്ങിയില്ലെന്ന ആക്ഷേപമുണ്ട്. തുടര്‍ന്നാണ് കുമാരി ബീനയ്‌ക്കെതിരെ നടപടി ഉണ്ടായതെന്നും മറ്റൊരു വിഭാഗം ജീവനക്കാര്‍ പറയുന്നു.
















