ആലപ്പുഴ: ദളിത് ക്രൈസ്തവര്‍ കത്തോലിക്ക സഭയില്‍ നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന ദേശീയ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ)യുടെ നയരേഖ പ്രാവര്‍ത്തികമാകുന്നില്ല. ഭാരത കത്തോലിക്ക സഭയില്‍ 1.9 കോടി അംഗങ്ങളുള്ളതില്‍ 1.2 കോടിയും ദളിതരാണ്. മെത്രാന്‍ ഉള്‍പ്പടെ നേതൃനിരയില്‍ പദവിയോ ആനുപാതിക പ്രാതിനിധ്യമോ ദളിത് വിഭാഗത്തിനു ലഭിക്കുന്നില്ല. ദളിത് വിഭാഗത്തില്‍ നിന്ന് നിലവില്‍ 12 ബിഷപ്പുമാര്‍ മാത്രമാണ് ഉള്ളതെന്നും നയരേഖയില്‍ വ്യക്തമാക്കുന്നു.
സഭയില്‍ ദളിത് വിഭാഗത്തിന് നീതി ലഭിക്കുന്നില്ല എന്ന് കുറ്റസമ്മതം നടത്തുമ്പോഴും അത് തിരുത്താനുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. പകരം സര്‍ക്കാര്‍ സംവരണം നല്‍കണമെന്ന് ആവശ്യമുന്നയിച്ച് സഭയ്‌ക്കുള്ളിലെ ജാതി വേര്‍തിരിവ് മറയ്‌ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ആരാധനാലയം, സെമിത്തേരി എന്നിവിടങ്ങളിലുള്‍പ്പെടെ എല്ലായിടത്തും ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള വേര്‍തിരിവ് ശക്തമായി തുടരുകയാണ്. ഇടവകയിലെയും രൂപതയിലെയും കൗണ്‍സിലുകള്‍, വിദ്യാഭ്യാസ ബോര്‍ഡ്, സാമ്പത്തിക സമിതി, നിയമന സമിതി തുടങ്ങിയവയില്‍ ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രാതിനിധ്യം നാമമാത്രമായി പോലും ലഭിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണണമെന്നും നയരേഖയില്‍ പറയുന്നു.
ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലിഷ് മീഡിയം, സിബിഎസ്ഇ സ്‌കൂളുകളില്‍ പ്രവേശനത്തിനു പ്രത്യേക പരിഗണനയും കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റ് സംവരണവും നല്‍കുക, പ്രധാന നഗരങ്ങളില്‍ ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കുക, സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കായി പ്രത്യേക പരിശീലനം നല്‍കുക, യോഗ്യരായ ദളിത് ഉദ്യോഗാര്‍ഥികള്‍ക്ക് ക്രൈസ്തവ സ്ഥാപനങ്ങളില്‍ എല്ലാ തലങ്ങളിലും ജോലിക്ക് ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കണം.
ഇവരുടെ ഉന്നമനത്തിനായി രൂപതാ ബഡ്ജറ്റില്‍ ആവശ്യമായ തുക വകയിരുത്തണമെന്നും സിബിസിഐ നയരേഖയില്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ നയരേഖ കേവലം പ്രചാരണ തട്ടിപ്പായി മാറുകയാണെന്നാണ് ഈ വിഭാഗത്തില്‍പ്പെട്ടവര്‍ പറയുന്നത്.
















