കണ്ണൂര്‍: രണ്ട് ദിവസം മുമ്പ് പ്രസവശസ്ത്രക്രിയക്ക് വിധേയയായ യുവതി ശാരീകിക അസ്വസ്ഥതയെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. കടൂര്‍ കോറലാട്ടെ സജില്‍ കുമാറിന്റെ ഭാര്യ കുറ്റിയാട്ടൂര്‍ സ്വദേശിനി മായ(31)യാണ് കഴിഞ്ഞദിവസം മരിച്ചത്. ഈ മാസം 4 നാണ് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇവര്‍ കീ ഹോള്‍ ശസ്ത്രക്രിയക്ക് വിധേയയായത്. അന്നുതന്നെ ആശുപത്രി വിട്ട് വീട്ടിലേക്ക് പോയി. ഇതിനിടെ തിങ്കളാഴ്ച രാത്രി പനിയും മൂത്രതടസ്സവും അനുഭവപ്പെട്ട മായയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയ ആശുപത്രിയില്‍ത്തന്നെ എത്തിക്കുകയായിരുന്നു. ബസ്സില്‍ യാത്ര ചെയ്ത് ആശുപത്രിയിലെത്തിയ യുവതിക്ക് ആദ്യം കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. രാവിലെ 11.30 ഓടെ യുവതി മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രകോപിതരായ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ ബഹളമുണ്ടാക്കി. കിഡ്നിക്ക് അസുഖമുണ്ടായിരുന്ന ഇവര്‍ നേരത്തെ രണ്ടുതവണ സര്‍ജറിക്ക് വിധേയയായിരുന്നു. ആശുപത്രി അധികൃതരുടെ അശ്രദ്ധയാണ് മരണകാരണമെന്നാരോപിച്ചാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: