കണ്ണൂര്‍: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം ഉള്‍പ്പെടെ അഴിപ്പിച്ചും വസ്ത്രങ്ങള്‍ കീറിക്കളഞ്ഞും അപമാനച്ച സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്താനാണ് ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ള പരിശോധനാ സാമഗ്രികളുണ്ട്. അത് വേണ്ടതുപോലെ ഉപയോഗിക്കാതെ കുട്ടികളുടെ അടിവസ്ത്രങ്ങള്‍ അഴിച്ചുമാറ്റിച്ചു. പലരെയും അടിവസ്ത്രം ഉപയോഗിക്കാന്‍ അനുവദിച്ചില്ല. ചുരിദാറിന്റെ കൈഭാഗം മുറിച്ചുകളഞ്ഞു. മുടി അഴിപ്പിച്ച് പരിശോധകരുടെ മുന്നില്‍ വെച്ച് വീണ്ടും കെട്ടിച്ചു. പാന്റിന്റെ ബട്ടണ്‍ പൊട്ടിച്ചെടുത്തു. കീശ മുറിച്ചെടുത്തു. ജീന്‍സ് പോലുള്ള വസ്ത്രം മാറാന്‍ നിര്‍ബന്ധിച്ചതിന്റെ പേരില്‍ പകരം വസ്ത്രം കിട്ടാന്‍ രക്ഷിതാക്കള്‍ കഷ്ടപ്പെട്ടു. കടകളില്‍ വസ്ത്രം കിട്ടാതെ വന്നപ്പോള്‍ പലരും സമീപത്തെ വീടുകളില്‍ സഹായം തേടിച്ചെന്നു. സ്വകാര്യതയില്ലാത്ത ക്ലാസ് മുറികളില്‍ വെച്ചാണ് വസ്ത്രം അഴിപ്പിച്ചത്. ഇല്ലാത്ത നിബന്ധകളുടെ പേരില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കനത്ത മാനസികാഘാതമാണ് പരിശോധകര് സൃഷ്ടിച്ചത്. പരീക്ഷാ കേന്ദ്രങ്ങള്‍ നിശ്ചയിച്ചതിലും വ്യാപകമായ അപാകതയുണ്ട്. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പരീക്ഷ കേന്ദ്രങ്ങളായി നിശ്ചയിക്കാതെ അകലെയുള്ള അണ് എയ്ഡഡ് വിദ്യാലയങ്ങളാണ് പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ചത്. ഇതിനെല്ലാം പിന്നില്‍ വന്‍ ഗൂഡാലോചനയുള്ളതായി സംശയിക്കുന്നു. കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇത്തരം പൈശാചികത സൃഷ്ടിച്ചത് കേന്ദ്ര സര്‍ക്കാറിനെതിരെ ജനരോഷമുണ്ടാക്കാനുള്ള ഗൂഡനീക്കമാണ്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: