കൊച്ചി: റേഷന്‍ കടകളില്‍ നേരിട്ട് സാധനങ്ങളെത്തിക്കുന്ന വാതില്‍പ്പടി വിതരണം ജില്ലയില്‍ തുടക്കത്തിലേ പാളി. മെയ് മാസത്തെ വിതരണത്തിനുള്ള റേഷന്‍ സാധനങ്ങള്‍ ഏപ്രില്‍ അവസാനം തന്നെ സര്‍ക്കാര്‍ ചെലവില്‍ റേഷന്‍ കടകളിലെത്തിക്കേണ്ടതായിരുന്നു. എന്നാല്‍ പറവൂര്‍ താലൂക്കില്‍ ഒഴികെ മറ്റൊരു താലൂക്കിലും വിതരണം തുടങ്ങാനായിട്ടില്ല.
സപ്ലൈകോ ഗോഡൗണുകളില്‍ നിന്ന് സാധനങ്ങള്‍ റേഷന്‍ കടകളില്‍ നേരിട്ടെത്തിക്കുന്നതിനായി നേരത്തെ സര്‍ക്കാര്‍ ലോറി ടെന്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍, കൊല്ലം ജില്ലയില്‍ വാതില്‍പ്പടി വിതരണം തുടങ്ങിയപ്പോള്‍ കയറ്റിറക്ക് കൂലിയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് എല്ലായിടത്തെയും ലോറി ടെന്‍ഡര്‍ റദ്ദാക്കി.
കയറ്റിറക്ക് കൂലി കൂടി ഉള്‍പ്പെടുത്തി ടെന്‍ഡര്‍ ക്ഷണിക്കാനായിരുന്നു ഇത്. ഇതോടെയാണ് വിതരണം താറുമാറായത്.
ലോറി ടെന്‍ഡര്‍ റദ്ദാക്കിയ സാഹചര്യത്തില്‍ സപ്ലൈകോയോട് ബദല്‍മാര്‍ഗം സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ബദല്മാര്ഗമൊരുക്കുന്നതിന് സപ്ലൈകോയും പരാജയപ്പെട്ടു. കണയന്നൂര്‍, കൊച്ചി, കുന്നത്തുനാട്, ആലുവ, കോതമംഗലം, മൂവാറ്റുപുഴ എന്നീ താലൂക്കുകളിലും ജില്ലയിലെ രണ്ടു സിറ്റി റേഷനിങ് ഓഫീസിന്റെ പരിധിയിലെയും റേഷന്‍ കടകളില്‍ ഈ മാസത്തെ റേഷന്‍ സാധനങ്ങളെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
അതേസമയം രണ്ടുദിവസത്തിനകം എല്ലാ താലൂക്കുകളിലും വാതില്‍പ്പടി വിതരണം ആരംഭിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: