കണ്ണൂര്‍: ശൃംഗേരി ശാരദാ പീഠത്തിലെ മുപ്പത്തിയാറാമത്തെ ജഗദ്ഗുരുവായി ധര്‍മ്മ സംരക്ഷണം ചെയ്തുവരുന്ന ജഗദ്ഗുരു ശ്രീ ശ്രീ ഭാരതതീര്‍ത്ഥ മഹാ സ്വാമികള്‍ നിയുക്ത പിന്‍ഗാമി വിധുശേഖര ഭാരതി സ്വാമികളോടൊപ്പം കേരളം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി 27ന് കണ്ണൂരിലെത്തും. ജൂണ്‍ 10 മുതല്‍ 29വരെയാണ് സ്വാമികള്‍ സര്‍ക്കാര്‍ അതിഥിയായി കേരളത്തിലെത്തുന്നത്. 10ന് വൈകിട്ട് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കളിയിക്കവിളയില്‍ ഭക്തജനങ്ങളും ജനപ്രതിനിധികളും ചേര്‍ന്ന് സ്വാമിജിയെ സ്വീകരിച്ച് കോട്ടക്കകത്തുളള ശ്രീകൃഷ്ണ വിലാസം പാലസിലേക്ക് ആനയിക്കും. തിരുവിതാംകൂര്‍ മഹാരാജ് ധൂളിപാത പൂജ നടത്തും. സ്വാമികളുടെ നേതൃത്വത്തില്‍ ശാരദചന്ദ്ര മൗരീശ്വര പൂജ നടത്തും. 13ന് പത്മനാഭസ്വാമി ക്ഷേത്ര സന്ദര്‍ശനവും ഭക്തജനങ്ങള്‍ക്ക് പ്രസാദവും നല്‍കും. തുടര്‍ന്ന് 13ന് കൊല്ലത്തും 14ന് ആലപ്പുഴയിലും 15ന് മട്ടാഞ്ചേരിയും 16ന് ഏറണാകുളവും 17ന് ആലുവയിലും 18ന് കാലടിയിലും എത്തും. 25വരെ കാലടിയില്‍ തങ്ങുന്ന സ്വാമികളുടെ സാന്നിധ്യത്തില്‍ ശതചണ്ഡികാ യാഗവും ശാസ്ത്രതീര്‍ത്ഥ വിദ്വല്‍സദസ്സും നടക്കും. 25ന് തൃശ്ശൂര്‍, 26ന് കോഴിക്കോട് 27ന് കണ്ണൂര്‍, 28ന് കാഞ്ഞങ്ങാട്, 29ന് കാസര്‍കോട് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച ശേഷം 30ന് ശൃംഗേരിയില്‍ സ്വാമിജി തിരിച്ചെത്തുമെന്ന് ശംഗേരി മഠം കേരള പ്രതിനിധി കമ്മാര്‍ ഗോപാലകൃഷ്ണ അയ്യര്‍ അറിയിച്ചു.
















