കോട്ടയം: വാരിശ്ശേരിക്കു സമീപം ആപ്പില്‍പാലം കൈവരികള്‍ തകര്‍ന്നു അപകടാവസ്ഥയില്‍. വാരിശ്ശേരി കവലയില്‍നിന്ന് തൂത്തൂട്ടി കവലയിലെത്തി മെഡിക്കല്‍ കോളേജിലേയ്‌ക്കും കുമാരനല്ലൂര്‍ കവലയിലൂടെ എംസി റോഡിലേക്കും പ്രവേശിക്കുന്ന റോഡിലാണ് ആപ്പില്‍പാലം. യാത്രാ ബസ്സുകളും ഭാരവണ്ടികളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്നു പോകുന്നത്.
കോട്ടയം മുന്‍സിപ്പാലിറ്റിയും അയ്‌മനം പഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന പാതയിലാണ് പാലം. എംസി റോഡില്‍ കോട്ടയം മുതല്‍ കുമാരനല്ലൂര്‍വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് ഉള്‍പ്പെടെ തടസ്സമുണ്ടാകുമ്പോള്‍ ദീര്‍ഘദൂര ബസ്സുകള്‍ ഉള്‍പ്പെടെ വഴിതിരിച്ചുവിടുന്നതും ഈ പാതയിലൂടെയാണ്. പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള റോഡും പാലവും സംരക്ഷിക്കുവാന്‍ പക്ഷെ അധികൃതര്‍ തയ്യാറാകുന്നില്ല. അറുപതി വര്‍ഷങ്ങള്‍ക്കുമേലെ പഴക്കമുണ്ട് ഈ പാലത്തിനെന്ന് പവമക്കാര്‍ പറയുന്നു. ആവശ്യത്തിനു വീതിയില്ലാത്തതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. കഷ്ടിച്ച് ഒരു വാഹനത്തിനു കടന്നുപോകുവാനുള്ള വീതിമാത്രമാണ് പാലത്തിനുള്ളത്.
അപകട സാധ്യത മുന്നില്‍ക്കണ്ട് പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ക്കു സമീപം നാട്ടുകാര്‍ ടാര്‍വീപ്പ നിരത്തി മുന്നരിയിപ്പുകള്‍ നല്‍കിയിരിക്കുകയാണ്. മഴക്കാലത്തും രാത്രിസമയത്തും ടാര്‍വീപ്പ ശ്രദ്ധയില്‍പ്പെടാതെ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ അപകടം സംഭവിക്കുവാന്‍ സാദ്ധ്യത ഏറുകയാണ്. കേടായ പാലം പൊതുമരാമത്ത് വകുപ്പ് അടിയന്തിരമായി പൊളിച്ചുനീക്കി ആവശ്യത്തിനു വീതിയില്‍ പുതിയ പാലം നിര്‍ക്കക്കണമെന്ന് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു. ഈ ആവശ്യവുമായി ബിജെപി സമരത്തിനൊരുങ്ങുകയാണ്.
















