രാമപുരം: പി.എം.കെ.എസ്.വൈ. നീര്‍ത്തടപരിപാലന പരിപാടി ഗുണഭോക്താക്കളെയും ഉദ്യോഗസ്ഥരെയും ഒരുപോലെ വെട്ടിലാക്കി.
ഗുണഭോക്തൃവിഹിതം വാങ്ങി ഒരു വര്‍ഷമായി അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്നതല്ലാതെ തുടര്‍ നടപടിയൊന്നും ഉണ്ടായില്ല. കേന്ദ്ര-സംസ്ഥാന ഫണ്ടുകളെത്താത്തതാണ് പദ്ധതി മരവിപ്പിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. ജനങ്ങളുടെ കൈയ്യില്‍ നിന്നും അഞ്ച് ലക്ഷം രൂപയോളം ഗുണഭോക്തൃ വിഹിതമായി വാങ്ങിയിട്ടുണ്ട്. വിഹിതം അടച്ച ഗുണഭോക്താക്കള്‍ക്ക് പണം തിരിച്ചു കൊടുക്കാമെങ്കിലും, 50,000 രൂപ വരെ കടം എടുത്ത് പശുവിനെ വാങ്ങുകയും ഇന്‍ഷ്വറന്‍സ് എടുക്കുകയും ചെയ്തവര്‍ക്ക് വന്‍ പണനഷ്ടമുണ്ടാകും. ഇത് എങ്ങനെ പരിഹരിക്കണമെന്ന ആശങ്കയിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ഈ പദ്ധതിയില്‍ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരുടെ ശമ്പളം ബ്ലോക്കിന്റെ ജി.പി.എഫ്.-ല്‍ നിന്നും നല്‍കിക്കൊണ്ടിരിക്കുകയാണ്.പദ്ധതി മുടങ്ങുന്നതോടെ മുന്നൂറോളം ജീവനക്കാരുടെ ജോലിയും നഷ്ടമാകും.ഏറെ കൊട്ടി ഘോഷിക്കപ്പെട്ട കേന്ദ്ര, സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പദ്ധതി കേരളത്തിലെ 14 ജില്ലകളിലെ 80-ല്‍ അധികം പ്രോജക്ടുകളിലായി 480000 ഹെക്ടര്‍ പ്രദേശത്ത് പ്രയോജനം ലഭിക്കുന്ന രീതിയിലായിരുന്നു ആസൂത്രണം ചെയ്തിരുന്നത്.രാമപുരം, വെളിയന്നൂര്‍, കരൂര്‍, കടനാട് പഞ്ചായത്തുകളിലേയ്‌ക്ക് മാത്രം എട്ട് കോടി രൂപയാണ് ഈ പദ്ധതിയിലേയ്‌ക്ക് വകയിരുത്തിയിരുന്നത് ഇതില്‍ അഞ്ച് കോടിയോളം രൂപ രാമപുരം പഞ്ചായത്തിലേയ്‌ക്ക് മാത്രമായിരുന്നു.
മണ്ണ് സംരക്ഷണം, ജല സംരക്ഷണം, ജൈവസംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതികളായിരുന്നു ഏറെയും. ജനങ്ങള്‍ക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല. കിണര്‍ റീച്ചാര്‍ജ്ജിംഗ്, മഴവെള്ള സംഭരണി, കല്ല് കയ്യാല, ബയോഗ്യാസ് പ്ലാന്റ്, പടുതകുളം തുടങ്ങിയവയായിരുന്നു പദ്ധതികള്‍.
















