കൊല്‍ക്കത്ത: സുപ്രിംകോടതി ഉത്തരവ് പ്രകാരമുള്ള മാനസിക പരിശോധനയ്‌ക്ക് ഹാജരാകാന്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണ്ണന്‍ വിസമ്മതിച്ചു. സര്‍ക്കാര്‍ മാനസിക ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘത്തിന് മുമ്പില്‍ ഹാജരാവാന്‍ തയ്യാറാകാതെ ‘താന്‍ പൂര്‍ണ്ണമായും സാധാരണ നിലയിലാണെന്നൂം ഉറച്ച മനസ്സോടെയാണെന്നും’ എഴുതി നല്‍കുകയായിരുന്നു.
തിങ്കളാഴ്ചയാണ് സുപ്രീംകോടതി ഇദ്ദേഹത്തിന് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്നറിയാന്‍ മെഡിക്കല്‍ പരിശോധന നടത്തുവാന്‍ ഉത്തരവിട്ടത്. പശ്ചിമ ബംഗാള്‍ ഡിജിപിക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു. പോലീസിനോടൊപ്പം സര്‍ക്കാര്‍ മാനസികാശുപത്രിയിലെ ഒരുസംഘം ഡോക്ടര്‍മാര്‍ ഉച്ചയോടെ കൊല്‍ക്കത്തയിലെ കര്‍ണ്ണന്റെ വസതിയില്‍ എത്തിയിരുന്നു. അരമണിക്കൂറിനുള്ളില്‍ സംഘം കര്‍ണ്ണന്റെ നിലപാടിനെത്തുടര്‍ന്ന് മടങ്ങുകയും ചെയ്തിരുന്നു.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉള്‍പ്പടെ ഏഴ് ജഡ്ജിമാര്‍ക്കെതിരെ ജസ്റ്റീസ് കര്‍ണ്ണന്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നേരത്തെ സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലേയും സിറ്റിംങ് ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിച്ചതിന് ജസ്റ്റീസ് കര്‍ണ്ണനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ഉത്തരവിട്ടിരുന്നു.
















