കോട്ടയം; പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി (90) അന്തരിച്ചു. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരമ്പരാഗത കലാരൂപമായ നോക്കുവിദ്യാ പാവകളിയെ ലോകശ്രദ്ധയിലേക്ക് എത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ചു. സംഭാവനകൾ പരിഗണിച്ച് 2020ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
ശാരീരിക പ്രയാസം കാരണം ദൽഹിയിലെത്തി പുരസ്‌കാരം സ്വീകരിക്കാനായില്ല. തുടർന്ന് കളക്ടർ വീട്ടിലെത്തി സമ്മാനിക്കുകയായിരുന്നു. ഫോക്ക് ലോര്‍ അക്കാദമിയുടെ അവാര്‍ഡും ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നോക്കുവിദ്യ അവതരിപ്പിച്ചിട്ടുണ്ട് പങ്കജാക്ഷി. പതിനൊന്നാം വയസ്സുമുതല്‍ പങ്കജാക്ഷി പാവകളി അഭ്യസിച്ചിരുന്നു.
കേരള ടൂറിസത്തിന്റെ ഔദ്യാഗിക വെബ്‌സൈറ്റില്‍ പങ്കജാക്ഷി അമ്മയെ പറ്റി പരാമര്‍ശമുണ്ട്. അച്ഛനും അമ്മയും പാവകളി കലാകാരന്മാരായിരുന്നു. കൈകള്‍ കൊണ്ട് പാവകളെ നിയന്ത്രിക്കുന്ന തോല്‍പ്പാവകളിയില്‍ നിന്നും തീര്‍ത്തും- വ്യത്യസ്തമാണ് നോക്കുവിദ്യ പാവകളി. മൂക്കിനും മേല്‍ച്ചുണ്ടിനും ഇടയിലുള്ള ഇത്തിരി സ്ഥലത്ത് കുത്തി നിര്‍ത്തിയ ഒരു വടിയിലാണ് നോക്കുവിദ്യ പാവകളിയില്‍ പാവകളെ നിയന്ത്രിക്കുന്നത്.
മഹാഭാരതവും രാമായണവും സാമൂഹ്യജീവിതത്തില്‍ നിന്നും എടുത്ത കഥകളുമെല്ലാം നോക്കുവിദ്യ പാവകളിയില്‍ അരങ്ങേറുന്നത്. പരേതനായ ശിവരാമനാണ് ഭര്‍ത്താവ്. മക്കള്‍: രാധാമണി, വിജയന്‍, ശിവന്‍.












