മുംബൈ: അമിത വണ്ണം കുറയ്‌ക്കാന്‍ ഇന്ത്യയില്‍ ചികിത്സയ്‌ക്കെത്തിയ ഈജിപ്ഷ്യന്‍ സ്ത്രീ ഇമാന്‍ അഹമ്മദ് അബുദാബിക്ക് യാത്രയായി. മുംബൈ സെയ്ഫീ ആശുപത്രിയിലെ 83 ദിവസത്തെ ചികിത്സയ്‌ക്കു ശേഷമാണ് ഇമാന്‍ യാത്രയായത്. മുംബൈ പോലീസ് ഇവര്‍ക്ക് പ്രത്യേക യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ ചികിത്സയ്‌ക്കായി അബുദാബി ഭുര്‍ജീല്‍ ആശുപത്രിയിലേക്കാണ് ഇവര്‍ പോയത്.
ചികിത്സയുമായി ബന്ധപ്പെട്ട് ഇമാന്റെ സഹോദരി ഷെയ്‌മ സെലിം നടത്തിയ പ്രസ്താവനകള്‍ ക്ഷമിക്കുന്നതായും സെയ്ഫീ ആശുപത്രിയിലെ ബെരിയാട്രിക് വിഭാഗം നടത്തിയ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. ഇമാനൊപ്പം 29 പേജുള്ള മെഡിക്കല്‍ റെക്കോര്‍ഡുകളും അബുദാബി ആശുപത്രിക്ക് കൈമാറിയിട്ടുണ്ടെന്നും സര്‍ജന്‍ ഡോ. മുഫ്‌സല്‍ ലക്ദവാല അറിയിച്ചു.
ഫെബ്രുവരി 11നാണ് ഇമാന്‍ ഇന്ത്യയില്‍ ചികിത്സയ്‌ക്കെത്തിയത്. 500 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഇവരെ പ്രത്യേക വിമാനത്തിലാണ് മുംബൈയില്‍ എത്തിച്ചത്. രണ്ടര മാസത്തിലധികം നീണ്ട ചികിത്സയില്‍ ഇവരുടെ ഭാരം 170 കിലോയോളം കുറഞ്ഞതായി ആശുപത്രി വൃത്തങ്ങള്‍വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ സഹോദരി ഷൈമ രംഗത്ത് വരുകയും ഇമാന്റെ ഭാരം കുറഞ്ഞിട്ടില്ലെന്നും മറിച്ച് ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളാവുകയാണ് ചെയ്തതെന്നും പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഇമാനെ ചികിത്സിക്കുന്നതില്‍ നിന്ന് ഡോക്ടര്‍മാര്‍ പിന്മാറുന്ന സാഹചര്യം വരെയുണ്ടായി.
ഇന്ത്യയിലെ ഈജിപ്ത്യന്‍ സ്ഥാനപതി വിഷയത്തില്‍ ഇടപെടുകയും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഷൈമ പിന്മാറി. ഇതോടെ ഇമാനെ അബുദാബിയിലേക്ക് കൊണ്ടുപോവാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
















