കിഴക്കമ്പലം: കിഴക്കമ്പലത്ത് 6,582 അംഗനമാര്‍ നിറഞ്ഞാടിയപ്പോള്‍ സ്വന്തമായത് ഗിന്നസ് റിക്കാര്‍ഡെന്ന അപൂര്‍വ നേട്ടം. കിറ്റെക്‌സ് ഗ്രൂപ്പ് നേതൃത്വം നല്‍കുന്ന കിഴക്കമ്പലത്തെ ജനകീയ കൂട്ടായ്‌മ ട്വന്റി 20യാണ് തിരുവാതിര സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം കിഴക്കമ്പലം കിറ്റെക്‌സ് അപ്പാരല്‍ മൈതാനത്ത് വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 6,582 വനിതകളാണ് ചുവടുവച്ചത്.
2015 ഫെബ്രുവരി 2ന് 5,211 വനിതകളെ പങ്കെടുപ്പിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മൈതാനത്ത് നടന്ന തിരുവാതിരകളിയുടെ റിക്കാര്‍ഡാണ് കിഴക്കമ്പലത്തെ അംഗനമാര്‍ തകര്‍ന്നത്. ചവറ സാംസ്‌കാരിക കേന്ദ്രം, പാര്‍വണേന്ദു സ്‌കൂള്‍ ഓഫ് നൃത്ത വിദ്യാലയം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 15 മിനിറ്റ് ദൈര്‍ഘ്യമേറിയ തിരുവാതിരയില്‍ റഷ്യന്‍ വനിതയായ ഐറിന്‍ ആന്റനോവ കേരളീയ വേഷത്തിലെത്തിയത് ശ്രദ്ധനേടി. ഗിന്നസ് റിക്കാര്‍ഡ് അഡ്ജ്യുഡേറ്റര്‍ ഋഷിനാഥില്‍ നിന്നും ഏലിയാമ്മ ജേക്കബ്, സാബു.എം. ജേക്കബ്, ബോബി.എം. ജേക്കബ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍ സംബന്ധിച്ചു.
















