പാലാ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പീഢനത്തില്‍ പ്രതിഷേധിച്ച് പാലാ ബ്രാഞ്ചിനു മുന്നില്‍ നടത്തിയ കുടുംബ പ്രതിഷേധം പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി ഉദ്ഘാടനം ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും മനുഷ്യത്വരഹിതമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന് ലീനാ സണ്ണി ആരോപിച്ചു. ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്‌ക്കാന്‍ ജപ്തി നോട്ടീസും അക്കൗണ്ട് മരവിപ്പിക്കലുമടക്കമുളള ബാങ്കിന്റെ പീഢനനടപടികള്‍ നേരിടുന്ന ഡോ. പി.ജി. സതീഷ് ബാബുവും കുടുംബവുമാണ് പാലാ എസ്.ബി.ഐ.യ്‌ക്കു മുന്നില്‍ പ്രതിഷേധ സമരം നടത്തുന്നത്. ഇത്തരം പീഢനത്തിനെതിരെ പാലായിലെ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധമുയര്‍ത്തുമെന്നും നഗരസഭാദ്ധ്യക്ഷ മുന്നറിയിപ്പ് നല്‍കി.
പ്രശ്‌നപരിഹാരത്തിന് ബാങ്ക് അധികൃതര്‍ തയ്യാറാകണമെന്ന് വി.ജി. വിജയകുമാര്‍ ആവശ്യപ്പെട്ടു. ജനത്തിന്റെ ക്ഷമ പരീക്ഷിക്കാനുള്ള ബാങ്കിന്റെ നീക്കത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ബാബു കെ. ജോര്‍ജ് പറഞ്ഞു. എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. പാലാ എസ്ബിഐ ശാഖയില്‍നിന്നും ആയുര്‍വേദാശുപത്രിക്കായി ഡോ. സതീഷ് ബാബു 2005ല്‍ 14,52,800 രൂപാ ലോണ്‍ എടുത്തിരുന്നു. കൃത്യമായി തിരിച്ചടച്ച് 2015ല്‍ ലോണ്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ 2016ല്‍ 5,20,457 രൂപാ കുടിശ്ശിഖയുണ്ടെന്നു കാട്ടി ബാങ്ക് കത്തയച്ചു. പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത് അടച്ചില്ലെന്നു കാട്ടിയായിരുന്നു നോട്ടീസ്. എന്നാല്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത് ബാങ്ക് ഡോക്ടറെ അറിയിച്ചിരുന്നില്ല. ഇതു സംബന്ധിച്ച് ഓംബുഡ്‌സ്മാന് പരാതി നല്‍കിയതോടെ ഇടപാടുകളുള്ള മറ്റ് അക്കൗണ്ടുകളും ബാങ്ക് മരവിപ്പിച്ചിരിക്കുകയാണ്.
















