ആലപ്പുഴ: ചിട്ടിക്കമ്പനിയുടമയുടെ വീട്ടില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തല്‍ ചിട്ടി സ്ഥാപനം ഉടമ അമ്പലപ്പുഴ കോമന കൃഷ്ണാലയത്തില്‍ സുരേഷ് ഭക്തവത്സലനെ(52) റിമാന്‍ഡു ചെയ്തു. ഇയാളെ ഇന്നലെഉച്ചയോടെയാണ് ഹരിപ്പാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്.
ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ദമ്പതികളായ ഇടുക്കി കീരിത്തോട് കുമരംകുന്നേല്‍ കുമാരന്റെ മകന്‍ കെ.കെ. വേണു(54), സുമ(50) എന്നിവരുടെ മരണ മൊഴിയില്‍ സുരേഷ് തങ്ങളെ പെട്രോളൊഴിച്ച് തീ കൊളുത്തിയതായി പറഞ്ഞിരുന്നു. എന്നാല്‍ ശാസ്ത്രീയ പരിശോധനാഫലവും സാഹചര്യ തെളിവുകളും ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്.
കൂടാതെ വേണുവിന് 30ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യതയുണ്ടായിരുന്നായും അന്വേഷണത്തില്‍ തെളിഞ്ഞു. ദമ്പതികളെ ശനിയാഴ്ച വൈകിട്ടാണ് ചിട്ടിസ്ഥാപനം ഉടമയുടെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടത്. തുടര്‍ന്ന് ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു.
















