തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ടി.പി. സെന്‍കുമാറിന് സംസ്ഥാന പോലീസ് മേധാവി സ്ഥാനം മടക്കി നല്‍കുകയല്ലാതെ സര്‍ക്കാരിനു മുന്നില്‍ മറ്റു വഴികളില്ലെന്ന് നിയമസെക്രട്ടറി. പുനഃപരിശോധനാ ഹര്‍ജിക്കും സാധ്യതയില്ല. വിധി വേഗം നടപ്പാക്കുകയാണ് ഉചിതം. നിയമസെക്രട്ടറി പി.ജി. ഹരീന്ദ്രനാഥ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
പുനഃപരിശോധനാ ഹര്‍ജി നല്‍കിയാല്‍ വിധി പറഞ്ഞ അതേ ബെഞ്ചായിരിക്കും പുനഃപരിശോധനാ ഹര്‍ജിയും പരിഗണിക്കുക. അതിനാല്‍ വിധിയില്‍ മാറ്റം വരില്ല. വിധി വന്ന് മൂന്നു ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇക്കാര്യം ചര്‍ച്ചയാകുകയും സര്‍ക്കാര്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരികയും ചെയ്യുമെന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും ഉത്തരവിന്റെ നിയമവശം പരിശോധിച്ചുവരികയാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ഥാനം മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ കഴിഞ്ഞദിവസം ചീഫ്‌സെക്രട്ടറിക്ക് കത്തുനല്‍കിയിരുന്നു.
സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് വിധിയുടെ പകര്‍പ്പ് ഡൗണ്‍ലോഡു ചെയ്ത് ഇതോടൊപ്പം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഒരു മറുപടിയും സെന്‍കുമാറിന് നല്‍കിയില്ല. തനിക്ക് ധൃതി ഇല്ലെന്നും സര്‍ക്കാര്‍ നടപടിക്കായി കാത്തിരിക്കുകയാണെന്നുമാണ് സെന്‍കുമാറിന്റെ പ്രതികരണം.
















