തൃശൂര്‍: തുടര്‍ച്ചയായ അവഗണനയില്‍ മനംനൊന്ത് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി കേരള കലാമണ്ഡലത്തിന്റെ പടിയിറങ്ങുന്നു. എമരിറ്റസ് പ്രൊഫസര്‍ സ്ഥാനത്തു നിന്ന് അദ്ദേഹം രാജിവച്ചു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കലാമണ്ഡലം അധികൃതരുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായ അവഗണനയും അവഹേളനവും അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നു.
കലാമണ്ഡലത്തില്‍ നിന്ന് വിരമിച്ച ശേഷം ഒട്ടേറെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഗോപിയാശാന്‍ എമരിറ്റസ് പ്രൊഫസറായി തുടരാന്‍ സമ്മതിച്ചത്. കഥകളി വിദ്യാര്‍ത്ഥികള്‍ക്കായി മാസത്തില്‍ നാലു ക്‌ളാസ് അദ്ദഹം എടുത്തിരുന്നു. കഥകളിയിലെ അവസാന വാക്കായ ഗോപിയാശാന്റെ ക്‌ളാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ അനുഗ്രഹമായിരുന്നു.
ഇത് മാസത്തില്‍ രണ്ടാക്കി കുറയ്‌ക്കാന്‍ പുതിയ ഭരണസമിതി തീരുമാനിച്ചു. അദ്ദേഹത്തോട് ആലോചിക്കാതെയായിരുന്നു തീരുമാനം. ഇടതുസര്‍ക്കാര്‍ വന്നശേഷം കലാമണ്ഡലം ഭരണസമിതി പുന:സംഘടിപ്പിച്ചിരുന്നു. പുതിയ വൈസ് ചാന്‍സലറും രജിസ്ട്രാറും ചുമതലയേറ്റ ശേഷമാണ് വിവാദ തീരുമാനം ഉണ്ടായത്. കഴിഞ്ഞ മാസം കലാമണ്ഡലം സംഘടിപ്പിച്ച നിള ദേശീയ നൃത്തോത്സവത്തിലും കലാമണ്ഡലം ഗോപിക്ക് വേദിയില്‍ ഇടം നല്‍കാന്‍ സര്‍വ്വകലാശാല അധികൃതര്‍ തയ്യാറായില്ല.
ഇതിനെത്തുടര്‍ന്ന് അന്ന് അദ്ദേഹം ക്ഷുഭിതനായി മടങ്ങിയിരുന്നു. സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് കല്‍പ്പിത സര്‍വ്വകലാശാലയായ കലാമണ്ഡലത്തിന്റെ ഭരണസമിതിയിലുള്ളത്.
















