മാവിലാക്കാവ്: ഭക്തിനിര്‍ഭരമായ ചടങ്ങുകളിലൂടെ മാവിലാക്കാവിലെ അടി ഉല്‍സവം മാവിലായിനിലാഞ്ചിറ വയലില്‍ നടന്നു. വ്രതാനുഷ്ഠാന ചടങ്ങുകളിലൂടെ നള്ളയാടത്ത് ബാലന്‍ നമ്പ്യാരുടെ നേത്യത്വത്തിലുള്ള മൂത്ത കൂര്‍വാട് സംഘവും പി.മാധവന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഇളയ കൂര്‍ വാട് സംഘവുമാണ് അണിനിരന്നത്. മാവിലായി വലിയ വീട് കാരണവരുടെ സാന്നിധ്യത്തില്‍ നടന്ന അടി ഉല്‍സവം വീക്ഷിക്കുവാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ജനങ്ങളാണ് എത്തിച്ചേര്‍ന്നത്. കായിക പ്രാധാന്യമുള്ള ഉല്‍സവം ശക്തമായ ശരീരത്തില്‍ ശക്തമായ മനസ്സ് എന്ന തത്ത്വത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. നാളെ ദൈവത്താറുടെ കെട്ടിയാട്ട ചടങ്ങുകള്‍ സമാപിക്കും. അടുത്ത ദിവസം പുലര്‍ച്ചെ ആറാട്ട് തറയില്‍ ആറാട്ടെഴുന്നള്ളത്ത് വന്ന് ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതോടെ ഉല്‍സവം സമാപിക്കും.
















