
പാനൂര്‍: വീരവും വീര്യവും നിറഞ്ഞ നാടാണ് കണ്ണൂരെന്നും കലുഷിതമായ മനസുകള്‍ മാറ്റി ജനങ്ങള്‍ പരസ്പരം കലഹിക്കാതെ ജാതി, മത, രാഷ്‌ട്രീയ മതില്‍കെട്ടുകള്‍ക്കുളളില്‍ നിന്നും പുറത്തു വരണമെന്നും സുരേഷ്‌ഗോപി എംപി. വളളങ്ങാട് ശ്രീകൃഷ്ണക്ഷേത്ര പ്രതിഷ്ഠാ വാര്‍ഷികത്തിന്റെ ഭാഗമായി പുതുതായി നിര്‍മ്മിക്കുന്ന ഊട്ടുപുര, ഓഡിറ്റോറിയത്തിന്റെ എന്നിവയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1999ല്‍ നടന്ന രാഷ്‌ട്രീയ അക്രമങ്ങളില്‍ കലുഷിതമായ പാനൂരില്‍ സിനിമാതാരങ്ങളെയും മറ്റുളളവരെയും പങ്കെടുപ്പിച്ച് ഉപവാസം നടത്താന്‍ മുന്നിട്ടിറങ്ങിയത് വെറുതെ ആയില്ല. ഒറ്റ ദിവസം കൊണ്ട് അന്തരീക്ഷമാകെ മാറ്റാന്‍ ഉപവാസത്തിനു സാധിച്ചിട്ടുണ്ട്. അതിനു കാരണഭൂതരായത് ഈ നാട്ടുകാരാണ്. അവര്‍ക്കു അതിനു നന്ദിയും അറിയിക്കുന്നു. പാനൂരിനു വേണ്ടി എംപി എന്ന നിലയില്‍ ഒരു പദ്ധതി തന്റെ ഫണ്ടില്‍ നിന്നുമുണ്ടാകുമെന്നും അത് ഈ നാടിനുളള സ്‌നേഹമുദ്രയാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ക്ഷേത്രം പ്രസിഡണ്ട് എം.പി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരം കവിയൂര്‍പൊന്നമ്മ മുഖ്യാതിഥിയായി. ഡോ.രാധാകൃഷ്ണന്‍ ചെറുവാച്ചേരി മുഖ്യപ്രഭാഷണം നടത്തി. പിപി.മുകുന്ദന്‍, ശശി അയ്യഞ്ചിറ, പി.സത്യപ്രകാശ്, എന്‍കെ.നാണു മാസ്റ്റര്‍, പന്ന്യന്നൂര്‍ രാഘവന്‍ എന്നിവര്‍ സംസാരിച്ചു. എം.സി.മോഹനന്‍ സ്വാഗതവും വിപി.ജിതേഷ് നന്ദിയും പറഞ്ഞു.
















