പാലാ: പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന് നഗരസഭാമാര്‍ക്കറ്റ് കോംപ്ലക്‌സില്‍ ‘മുന്‍വശത്ത’ മുറികള്‍ നല്‍കേണ്ടതില്ലെന്ന നഗരസഭ കൗണ്‍സിലിന്റെ മിനിട്‌സില്‍ പ്രതിഷേധിച്ച് നഗരസഭാ യോഗത്തില്‍ പ്രതിഷേധം. ഇന്നലെ വൈകിട്ട് ചേര്‍ന്ന കൗണ്‍സിലാണ് ഒച്ചപ്പാടില്‍ കലാശിച്ചത്. പട്ടികജാതി സംവരണ വാര്‍ഡിലെ കൗണ്‍സിലര്‍ പി.കെ. മധുവാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. മധുവിന് പിന്തുണയുമായി മറ്റു കൗണ്‍സിലര്‍മാരും രംഗത്തെത്തി. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിന്റെ മിനിട്‌സ് ലഭിച്ചപ്പോഴാണ് പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തിന് മുറിനല്‍കുന്നത് സംബന്ധിച്ച തീരുമാനം കണ്ടെത്തിയത്. ഭരണപക്ഷത്തെ ടോണി തോട്ടവും ജോര്‍ജ്ജ് ചെറുവള്ളിലും ബിജെപി പ്രതിനിധി അഡ്വ. ബിനു പുളിക്കക്കണ്ടവും മധുവിനെ പിന്‍തുണച്ച് രംഗത്ത് വന്നു. ഒടുവില്‍ സ്‌പെഷ്യല്‍ കൗണ്‍സില്‍ വിളിച്ച് ഈ വിഷയം ചര്‍ച്ച ചെയ്യാമെന്ന ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണിയുടെ ഉറപ്പോടെയാണ് ബഹളം ശമിച്ചത്.
















