കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തുല്യനീതിക്കും തുല്യ അവസരത്തിനും വേണ്ടി ഹിന്ദുക്കള്‍ വോട്ടു രേഖപ്പെടുത്തണമെന്ന് ഏറ്റുമാനൂര്‍ ക്ഷേത്രസംരക്ഷണ സമിതി കാര്യാലയത്തില്‍ നടന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി യോഗം ആഹ്വാനം ചെയ്തു.
കേരളത്തിലെ ഇടതു വലതു മുന്നണികളുടെ മുഖമുദ്ര ന്യൂനപക്ഷ പ്രീണനവും ഹിന്ദുപീഡനവുമാണ്. ഹൈന്ദവ ഐക്യത്തെ തകര്‍ക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിയിരിക്കുന്ന ഇടതു – വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഒരു താക്കീതായി ഈ തെരഞ്ഞടുപ്പ് ഫലം മാറണം.
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അധസ്ഥിത, പിന്നോക്ക ,ദരിദ്ര ജനസമൂഹങ്ങളുടെയും, ഭൂരഹിതജനസമൂഹങ്ങളുടേയും പ്രശ്നങ്ങളെ അവഗണിക്കുന്ന ഇടതു വലതു മുന്നണികളുടെ നിലപാടുകള്‍ക്ക് ശക്തമായ മറുപടി നല്‍കേണ്ടത് അനിവാര്യമാണ്.
നമ്മുടെ പൈതൃകവും, സംസ്കാരവും, മാനബിന്ദുക്കളും നിരന്തരം ആക്രമിക്കപ്പെടുകയും, ലോകാരാധ്യനായ ഗുരുദേവനെ അവഹേളിക്കുകയും ചെയ്യുന്നത് നമുക്ക് മറക്കാനാവില്ല. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ നാളുകള്‍ മാത്രം ശേഷിക്കെ- തീര്‍ത്ഥാടനം സുരക്ഷിതവും, ചൂഷണരഹിതവുമാക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
ദേവസ്വം ബോര്‍ഡും, സര്‍ക്കാര്‍ വകുപ്പുകളും അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്നതും അനുസ്യൂതം തുടരുകയാണ്. തീര്‍ത്ഥാടന കാലത്തു മാത്രം കോടികള്‍ വരുമാനമുണ്ടാക്കുന്ന കെഎസ്ആര്‍ടിസി അയ്യപ്പ വിരുദ്ധ ഉത്തരവ് ഇറക്കി അയ്യപ്പഭക്തരെ അവഹേളിക്കുകയാണ്. ആരോഗ്യ മേഖലകളില്‍ സൗകര്യം വിപുലപ്പെടുത്തുക, 4 വര്‍ഷമായി പൂര്‍ത്തിയാകാത്ത സീവേജ് പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കുക, ശബരിമലയിലേക്കുളള പാതകള്‍ നവീകരിക്കുക, സൗജന്യ അന്നദാനം സന്നദ്ധ സംഘടനകളെ ഏല്‍പ്പിക്കുക, എന്ന ആവശ്യങ്ങളും സംസ്ഥാനസമിതി മുന്നോട്ടുവെച്ചു.പുല്ലുമേട് ദുരന്ത അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുക എന്ന ആവശ്യം പരിഗണിക്കാത്ത സര്‍ക്കാര്‍ നിലപാടിലും സംസ്ഥാനസമിതി യോഗം പ്രതിഷേധം രേഖപ്പെടുത്തി.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി.ഭാസ്കരന് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.സംസ്ഥാന രക്ഷാധികാരി കെ.എന്‍ രവീന്ദ്രനാഥ്, സംസ്ഥാന ജനറള്‍ സെക്രട്ടറിമാരായ കുമ്മനം രാജശേഖരന്, ഇ.എസ്.ബിജു, കെ.പി.ഹരിദാസ്, ആര്.വി.ബാബു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, വിആര്‍ സത്യവാന്, സംഘടനാ സെക്രട്ടറി സി.ബാബു, സഹസംഘടനാ സെക്രട്ടറി വി.സുശികുമാര്‍ എന്നിവര്‍ മാര്‍ഗ്ഗദര്‍ശനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: