കോട്ടയം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമത്വമുന്നേറ്റ യാത്രയില്‍ പങ്കാളികളാകാന്‍ കേരള സാംബവര്‍ സൊസൈറ്റി തീരുമാനിച്ചു. ചങ്ങനാശ്ശേരിയില്‍ നടന്ന നേതൃത്വ സംഗമയോഗമാണ് തീരുമാനം കൈക്കൊണ്ടത്. കേരളത്തിലെ മാറിയ രാഷ്‌ട്രീയ-സാമൂഹ്യ സാഹചര്യത്തില്‍ അടിസ്ഥാന ജനവിഭാഗങ്ങളും പിന്നോക്ക ജനവിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന സമസ്ഥ ജനവിഭാഗങ്ങളുടെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാഹളം ആകുന്ന സമത്വ മുന്നേറ്റയാത്രയെയുംരാഷ്‌ട്രീയ മുന്നേറ്റത്തെയും ഒരു ശക്തികള്‍ക്കും ഇനി തടയുവാന്‍ കഴിയില്ലെന്ന് യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് എം.വി ജയപ്രകാശ് അധ്യഷതവഹിച്ച യോഗം സംഘടനയുടെ രക്ഷാധികാരി വെണ്ണിക്കുളം മാധവന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഐ. ബാബു കുന്നത്തൂര്‍, പി.എന്‍ പുരുഷോത്തമന്‍, ഡി. മോഹന്‍ദാസ്, എം.കെ ശിവന്‍കുട്ടി, കെ.കെ കുമാരന്‍, റ്റി.ഐ ചന്ദ്രന്‍, ഭാനുമതി ജയപ്രകാശ്, കെ.ലേഖ, സരോജിനി മാധവന്‍, രാഘവന്‍ കേദാരം, പി.എം സുബ്രഹ്മണ്യന്‍, ഷൈജി പത്തനംതിട്ട എന്നിവര്‍ പ്രസംഗിച്ചു.
















