തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തില്‍. ബിജെപിയുടെ മുന്നേറ്റത്തില്‍ വിറളിപൂണ്ട് കഴമ്പില്ലാത്ത ആരോപണങ്ങളുമായി ഇരുമുന്നണികളും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രണ്ട് മുന്നണികളെയും പിന്നിലാക്കി ബിജെപി സ്കോര്‍ ചെയ്തു.
സൗഹൃദമത്സരമെന്ന പേരില്‍ ഘടകകക്ഷികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി രണ്ടുമുന്നണികളെയും സമ്മര്‍ദ്ദത്തിലാഴ്ത്തുന്നുണ്ട്. കോണ്‍ഗ്രസ്സിനുള്ളില്‍ ഉയര്‍ന്നിരിക്കുന്ന രൂക്ഷമായ വിമതശല്യം കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ഒരുപോലെ വലയ്ക്കുന്നു. അച്ചടക്കത്തിന്റെ വാള്‍കാട്ടി പുറത്താക്കുമെന്ന ഭീഷണി വിമതസ്ഥാനാര്ഥികള്ക്കു നേരെ ഇരുവരും ഉയര്‍ത്തുന്നുണ്ടെങ്കിലും ഒരുഫലവുമില്ല.
പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിട്ടും വിമതന്മാര്ക്ക് അവസാനമായി പിന്മാറാന് ഒരവസരം കൂടി നല്‍കാമെന്ന നിലപാടിലാണ് ഇരുവരും. എല്‍ഡിഎഫിലാകട്ടെ സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍ വാളോങ്ങിനില്‍ക്കുന്നു. ഘടകകക്ഷികള്‍ ഉപേക്ഷിച്ച സീറ്റുകള്‍ക്കായി ഇരുവരും കടിപിടി കൂടുന്നു.
കഴിഞ്ഞ തവണ എണ്ണായിരത്തോളം വാര്‍ഡുകളില്‍ മത്സരിച്ച ബിജെപി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം കൂടി 464 സ്ഥാനാര്‍ഥികളെ ജയിപ്പിച്ചു. 373 പഞ്ചായത്ത് വാര്‍ഡുകളും ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളും ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡും 74 മുന്‍സിപ്പല്‍ വാര്‍ഡുകളും ഒമ്പത് കോര്പ്പറേഷന് വാര്‍ഡുകളുമാണ് ബിജെപി നേടിയത്. മുക്കൂട്ടും മുന്നണിയുമില്ലാതെ ഒറ്റയ്ക്കു മത്സരിച്ചാണ് ബിജെപി ഈ നേട്ടം കൊയ്തത്. എന്നാല്‍ ഇക്കുറി സ്ഥിതി അതല്ല. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ടുവര്‍ധനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വന്‍ഭൂരിപക്ഷത്തോടെ എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതും സംസ്ഥാനത്ത് ബിജെപിക്ക് വന്‍കുതിപ്പിന് വഴിയൊരുക്കിയിരിക്കുകയാണ്. മാത്രമല്ല സിപിഎം, കോണ്‍ഗ്രസ് തുടങ്ങി പ്രബല കക്ഷികളില്‍ നിന്ന് ബിജെപിയിലേക്ക് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഒഴുക്ക് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ സമുദായ സംഘടനകള്‍ ഉറച്ച പിന്തുണയുമായി ബിജെപി ചേരിയില്‍ അണിനിരന്നിരിക്കുന്നു.
ഈ അനുകൂല സാഹചര്യം പരമാവധി മുതലെടുത്ത് ഇക്കുറി ബിജെപി 19,000 പേരെ മത്സരത്തിന് നിയോഗിച്ചിരിക്കുകയാണ്. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് ബൂത്തുതലം മുതല്‍ പാര്‍ട്ടി മാസങ്ങള്‍ക്കു മുമ്പേ രൂപം നല്കി. വാര്‍ഡിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് യോഗ്യരായ സ്ഥാനാര്‍ഥികളെയും നിശ്ചയിച്ചു. സംസ്ഥാന നേതൃത്വം മുതല്‍ ബൂത്തുതലം വരെയുള്ള നേതാക്കളും പ്രവര്‍ത്തകരും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നത് എതിരാളികളെ പരാജയഭീതിയിലാക്കിയിരിക്കുകയാണ്.
പടലപ്പിണക്കങ്ങളും തൊഴുത്തില്‍ക്കുത്തും മൂലം സ്വയം അധഃപതിച്ച സിപിഎമ്മും കോണ്‍ഗ്രസ്സും ബിജെപിക്കെതിരെ ഒരുമിച്ചിരിക്കുന്നതു തന്നെ കാറ്റ് മാറിവീശുന്നതിന്റെ തെളിവാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫിനെ ബഹുദൂരം പിന്നിലാക്കി രണ്ടാംസ്ഥാനത്തെത്തിയ ബിജെപി, കോര്പ്പറേഷന് വാര്‍ഡുകളുടെ എണ്ണം ഇക്കുറി ആറില്‍ നിന്ന് അറുപത് എന്ന് ലക്ഷ്യമിട്ട് കോര്പ്പറേഷന് ഭരണം പിടിച്ചെടുക്കാനുള്ള തീവ്രയത്നവുമായാണ് നിലകൊള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: