പത്തനംതിട്ട: മുസ്ലിംലീഗ് മതേതര പാര്‍ട്ടിയാണെന്ന പിണറായി വിജയന്റെ അഭിപ്രായംതന്നെയാണോ വി.എസ്.അച്യുതാനന്ദനും ഉള്ളതെന്ന് അറിയാന്‍ പൊതുസമൂഹത്തിന് താല്‍പര്യമുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി.രമേശ് ആവശ്യപ്പെട്ടു.
പ്രസ് ക്ലബ്ബില്‍ തദ്ദേശം 2015 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗിന് മതേതരത്വത്തിന്റെ സാഷ്യപത്രം കൊടുക്കുവാന്‍ പിണറായി വിജയന്‍ തയ്യാറായത് ഭാവിയില്‍ സിപിഎം ലീഗ് ബാന്ധവത്തിനാണ്. മുസ്ലിംലീഗ് എന്ന മതാധിഷ്ഠിത പാര്‍ട്ടിയ്‌ക്ക് കേരളത്തില്‍ ആദ്യം പ്രമാണികത്വം നല്‍കിയത് സിപിഎമ്മാണ്. മലപ്പുറം ജില്ലയുടെ ഉത്ഭവംതന്നെ ഇതിന് ഉദാഹരണമാണ്.
പുതിയ കാലഘട്ടത്തില്‍ വികസനത്തിന്റെ രാഷ്‌ട്രീയത്തില്‍ സിപിഎമ്മിന് നഷ്ടപ്പെട്ട വോട്ടുകള്‍ക്ക് പകരം വോട്ടുകള്‍ കണ്ടെത്താനാണ് സിപിഎം ലീഗിന് പിന്നാലെ പോകുന്നത്. ജമാഅത്തെ ഇസ്ലാമി, പിഡിപി തുടങ്ങിയവരുമായും സിപിഎം സഖ്യത്തിലാണ്. മതമൗലികവാദ തീവ്രവാദ ശക്തികളുമായി സന്ധി ചെയ്തു കൊണ്ട് കേരളത്തില്‍ സാമുദായിക ധ്രൂവീകരണത്തിന് സിപിഎം ശ്രമിക്കുകയാണ്.
മറുവശത്ത് കോണ്‍ഗ്രസും എസ്ഡിപിഐ അടക്കമുള്ള സംഘടനകളെ ഒപ്പംകൂട്ടുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്, സിപിഎം, എസ്ഡിപിഐ, ലീഗ് സഖ്യങ്ങള്‍ പലയിടത്തും കൈകോര്‍ക്കുകയാണ്. തീവ്രവാദ സംഘടനകളോട് സന്ധിചെയ്യുമ്പോള്‍തന്നെ മതനിരപേക്ഷതയെപ്പറ്റി പറയുന്നത് ഇരട്ടത്താപ്പാണ്. ഇതാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















