അടിമാലി: ജില്ലയിലെ തോട്ടം മേഖലകളില്‍ അധിവസിക്കുന്ന പള്ളര്‍ സമുദായം ബിജെപിയുമായി കൈകോര്‍ക്കുന്നു. പള്ളര്‍ ദേവേന്ദ്രകുലം സമുദായ സംഘത്തിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറി ശിങ്കാരവേലന്‍ വിമോചന യാത്രയ്ക്കിടെ അടിമാലിയില്‍ കുമ്മനം രാജശേഖരനില്‍ നിന്നും അംഗത്വമെടുത്തു.
മൂന്നാര്‍ യൂണിറ്റിന് കീഴില്‍ വരുന്ന ചൊക്കനാട്, കല്ലാര്‍, ഗ്രഹംസ് ലാന്‍ഡ്, പെരിയവരൈ എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലായി 40 ശതമാനത്തോളം പേര് പള്ളര്‍ സമുദായത്തില്‍പ്പെടുന്നവരാണ്. പെമ്പിളൈ ഒരുമൈ സമരത്തിന് ശേഷം തൊഴിലാളികള്‍ക്കിടയില്‍ പ്രമുഖ യൂണിയനുകളുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയതും വര്‍ഷങ്ങളായി യൂണിയന് മുതലാളിമാര്‍ക്കൊപ്പം ചേര്‍ന്ന് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നുള്ള തിരിച്ചറിവ് മാറിചിന്തിക്കുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നു.
പള്ളര്‍ സമുദായം സംഘടിപ്പിക്കാറുള്ള വാര്‍ഷിക യൂണിറ്റ് പൊതുയോഗങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കാറുണ്ട്. 2000ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംഘം സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിച്ചപ്പോള്‍ മൂന്നാര്‍ മേഖലയില്‍ നിന്നും 7500ല്‍പരം വോട്ടുകള്‍ ഇവര്‍ക്ക് നേടാനായിരുന്നു. സംസ്ഥാന തലത്തില്‍ വേരുകളുള്ള സംഘടനയ്ക്ക് വയനാട്, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളില്‍ വോട്ട് ബാങ്കുണ്ട്.
തമിഴ്നാട് നിയമസഭയില്‍ പുതിയ തമിഴകം പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. തിരുന്നല്‍വേലി കോട്ടപിടാരം, സിണ്ടുക്കല്, നിലക്കോട്ട നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും സംഘടനകളുടെ പ്രതിനിധികളാണ് ജയിച്ചത്. ദേവികുളം നിയമസഭാ മണ്ഡലത്തില്‍ പ്രബല സമുദായമായ പള്ളര്‍ സമുദായവോട്ടുകള്‍ നിര്‍ണ്ണായകമാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മൂന്നാറിന്റെ തോട്ടം മേഖലകളില്‍ പുതിയ മാറ്റത്തിന്റെ സൂചന നല്‍കികൊണ്ട് മണ്ഡലം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: