ആലപ്പുഴ: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ പോലീസ് സേനയുടെ വിശ്വാസ്യത തകര്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് എഡിജിപിയായിരുന്ന ജേക്കബ് തോമസിനെതിരെയും എസ്പി സുകേശനെതിരെയുമുള്ള സര്‍ക്കാര്‍ നിലപാട് ഇതാണ് വ്യക്തമാക്കുന്നത്. പോലീസിനെ മോശക്കാരായി ചിത്രീകരിച്ച് ഭരണകര്‍ത്താക്കള്‍ മാന്യന്മാരാകാന് ശ്രമിക്കുകയാണ്. എന്നാല്‍ ഇത് കേരള ജനതയുടെ മുന്നില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം വെറും പ്രകടനപത്രികയായി അധഃപതിപ്പിച്ചു. രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയായി നയപ്രഖ്യാപന സമ്മേളനത്തെ സര്‍ക്കാര്‍ മാറ്റി. ഇത് ഖേദകരമാണെന്നും കുമ്മനം പറഞ്ഞു.
കേന്ദ്രം അനുവദിക്കുന്ന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. കുട്ടനാട് പാക്കേജ്, ഇടുക്കി പാക്കേജ്, പമ്പാ ആക്ഷന്‍ പ്ലാന്‍ എന്നീ പദ്ധതികളെല്ലാം തന്നെ കേരള സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും താത്പര്യമില്ലായ്മയും മൂലം അട്ടിമറിക്കപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയമാണ് ഇതിനെല്ലാം കാരണം. പമ്പാ ആക്ഷന്‍ പ്ലാന്‍ 500 കോടിയുടേതാണ്. ഇതില്‍ 20 കോടിയാണ് ചെലവഴിച്ചത്. ഇതിന്റെ കണക്കുകള്‍ പോലും കേന്ദ്രസര്‍ക്കാരിനു നല്കാന് സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല.
തൊഴിലുറപ്പു പദ്ധതി, അമൃത് പദ്ധതി എന്നിവയുടെ അവസ്ഥയും വ്യത്യസ്തമല്ല. റെയില്‍വെ ഇരട്ടിപ്പിക്കലിനായി എത്ര പണം വേണമെങ്കിലും അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടും സ്ഥലമെടുപ്പു പോലും കാര്യക്ഷമമായി നടപ്പാക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമോചനയാത്ര ഇടതു വലതു മുന്നണികളുടെ ഒത്തുതീര്‍പ്പു രാഷ്ട്രീയം തുറന്നുകാട്ടിയാണ് തുടരുന്നത്. ഇരുമുന്നണികള്‍ക്കുമെതിരെ ശക്തമായ ജനവികാരമാണുള്ളത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള ജനകീയ ശക്തി അധികാരത്തിലെത്തണം. അഴിമതിയും ജനദ്രോഹ നയങ്ങളും അക്രമങ്ങളും ഇല്ലാതാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ബിജെപി ജനങ്ങളുടെ പ്രതീക്ഷ കാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ പ്രസിഡന്റ് കെ. സോമന് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: