ആലപ്പുഴ: വേരുകള്‍ നഷ്ടപ്പെട്ട് എപ്പോള്‍ വേണമെങ്കിലും കടപുഴകാവുന്ന പ്രസ്ഥാനമായി സിപിഎം അധഃപതിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. വിമോചനയാത്രയ്ക്ക് ആലപ്പുഴ നിയോജകമണ്ഡലത്തില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസം കാലഹരണപ്പെട്ടുകഴിഞ്ഞു. അതിനിനി നിലനില്പില്ല. ഏറ്റവും വലിയ മുതലാളിത്ത പ്രസ്ഥാനമായി കേരളത്തില്‍ സിപിഎം മാറിക്കഴിഞ്ഞു. സമ്പത്തിന്റെയും സ്വത്തിന്റെയും കാര്യത്തില്‍ മാത്രമാണ് സിപിഎം ഒന്നാം സ്ഥാനത്തുള്ളത്.
പുന്നപ്ര വയലാര്‍ സമര സേനാനികളടക്കം സ്വപ്നം കണ്ട നാട് കെട്ടിപ്പടുക്കാന്‍ പിന്‍തലമുറയ്ക്ക് കഴിഞ്ഞില്ല. അവരുടെ സ്വപ്നങ്ങളെല്ലാം പിന്നീടുവന്ന നേതാക്കള്‍ തകര്‍ത്തെറിഞ്ഞു.
പാര്‍ട്ടി സ്ഥാപകന്‍ പി. കൃഷ്ണപിള്ളയുടെ പ്രതിമയും വീടും പോലും സ്വന്തം അനുയായികള്‍ നശിപ്പിക്കുകയാണ്. ഇതിനെതിരെ പ്രകടനം നടത്താന്‍പോലും ആളില്ലാത്ത ദുരവസ്ഥയാണ്.
ശ്രീനാരായണ ഗുരുവിനെ തെരുവില്‍ സിപിഎം അപമാനിച്ചപ്പോള്‍ നാടൊട്ടുക്കും പ്രക്ഷോഭങ്ങള്‍ നടന്നു. ലോകത്തെ മുഴുവന്‍ കമ്യൂണിസ്റ്റുകാര്‍ വിചാരിച്ചാലും ശ്രീനാരായണദര്‍ശനങ്ങള്‍ തകര്‍ക്കാന്‍ കഴിയില്ല. ഇസങ്ങളെല്ലാം തന്നെ കാലഹരണപ്പെടും. കാപ്പിറ്റലിസം, സോഷ്യലിസം, കമ്യൂണിസം എല്ലാംതന്നെ കേവലം വരട്ടുവാദങ്ങളാണ്. എന്നാല്‍ ശ്രീനാരായണ ഗുരുവിന്റേത് ദര്‍ശനമാണ്. അത് കാലാതീതമാണെന്നും കുമ്മനം പറഞ്ഞു. തെറ്റിന്റെ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍.
മാര്‍ക്സ് പോലും തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ താന്‍ മാര്‍ക്സിസ്റ്റല്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ചരിത്രമാണെന്നും അദ്ദഹം പറഞ്ഞു.
കേരളം മാറി മാറി ഭരിച്ച മുന്നണികള്‍ വിതച്ചതും കൊയ്തതും അഴിമതികളാണ്. വിമോചന യാത്ര അഴിമതിക്കാരില്‍ നിന്നും അക്രമകാരികളില്‍ നിന്നും ഒത്തുതീര്‍പ്പു രാഷ്ട്രീയക്കാരില്‍ നിന്നും കേരള ജനതയെ മോചിപ്പിക്കുന്നതിനാണ്. രാഷ്ട്രീയ മാറ്റത്തിനായി കേരളജനത കേഴുകയാണ്. ജനാഭിലാഷത്തിനനുസരിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുന്നതാകണം ഇനിയുള്ള പ്രവര്‍ത്തനമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് ആര്. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.പി. ശ്രീശന്, പി.എം. വേലായുധന്, ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്, എം.ടി. രമേശ്, കെ. സുരേന്ദ്രന്, മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ പ്രസിഡന്റ് കെ. സോമന് തുടങ്ങിയവര്‍ സംസാരിച്ചു. തൈക്കലില്‍ 2002ല്‍ തീരസംഘിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ട സുമേഷിന്റെ മാതാവ് ഇന്ദിരാമ്മയെയും സംസ്ഥാന സ്കൂള്‍ പ്രവര്‍ത്തി പരിചയമേളയില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മ കെപിഎം യുപി സ്കൂള്‍ വിദ്യാര്‍ത്ഥിനി ആര്. ലക്ഷ്മിയെയും കുമ്മനം രാജശേഖരന് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: