തിരുവനന്തപുരം: 56-ാമത് സ്‌കൂള്‍ കലോത്സവത്തിനാണ് ഇന്ന് അനന്തപുരിയില്‍ തിരശ്ശീല ഉയരുന്നത്. മേളയുടെ ഉദ്ഘാടനത്തിനും സമാപനത്തിനും പുറമെ സായാഹ്നങ്ങള്‍ പ്രഭാപൂരമാക്കാന്‍ മലയാളചലച്ചിത്രലോകത്തെ മിന്നും നക്ഷത്രങ്ങളും പ്രധാന വേദിയെ ധന്യമാക്കും. പുറമെ മന്ത്രിമാരും ജനപ്രതിനിധികളും കലാസാംസ്‌കാരിക പ്രവര്‍ത്തകരും വേദികളിലെത്തും.
കലാമാമാങ്കത്തിന് തുടക്കം കുറിച്ച് ഇന്നുച്ചയ്‌ക്ക് 2.30ന് സംസ്‌കൃത കോളേജില്‍ നിന്ന് സാംസ്‌കാരികഘോഷയാത്ര നടക്കും. ഡിജിപി ടി.പി. സെന്‍കുമാര്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. നഗരപരിധിയിലെ 50 സ്‌കൂളുകളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ വിവിധ ചമയങ്ങളണിഞ്ഞ് ഘോഷയാത്രയില്‍ അണിനിരക്കും. സാംസ്‌കാരിക കേരളത്തിന്റെ പരിച്ഛേദമാകുന്ന ഘോഷയാത്രയില്‍ വിവിധ കലാരൂപങ്ങളും ഉള്‍പ്പെടും. ഘോഷയാത്ര പുത്തരിക്കണ്ടത്ത് എത്തിച്ചേര്‍ന്ന ശേഷമാകും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. കൈരളിയുടെ നിസ്തുലമായ സാംസ്‌കാരികപ്പഴമ വിളിച്ചോതുന്ന സ്വാഗതഗാനത്തിന്റെ ആമുഖത്തോടെയായിരിക്കും ചടങ്ങ് ആരംഭിക്കുക. 56 അധ്യാപകര്‍ ചേര്‍ന്നാലപിക്കുന്ന സ്വാഗതഗാനത്തിനൊപ്പിച്ച് 56 വിദ്യാര്‍ഥികള്‍ നൃത്തച്ചുവടുവയ്‌ക്കും.
വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ആധ്യക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ കലാമത്സരങ്ങളുടെ ഉദ്ഘാടനം സ്പീക്കര്‍ എന്‍. ശക്തന്‍ നിര്‍വഹിക്കും. സംവിധായകന്‍ ജയരാജ്, ഗായകന്‍ എം.ജി. ശ്രീകുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. മുന്‍കാല പ്രതിഭകളായ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ചേര്‍ത്തല എ.കെ. രാമചന്ദ്രന്‍ എന്നിവരെ ആദരിക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ എം.കെ. മുനീര്‍, വി.എസ്. ശിവകുമാര്‍, പി.ജെ. ജോസഫ്, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ്, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി എന്നിവര്‍ പങ്കെടുക്കും.
25 ന് വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. താരങ്ങളായ നിവിന്‍ പോളി, വെഞ്ഞാറമൂട് സുരാജ് എന്നിവര്‍ അതിഥികളായിരിക്കും.
മന്ത്രി പി.കെ. അബ്ദുറബ്ബ് ആധ്യക്ഷ്യം വഹിക്കും. ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പ് അദ്ദേഹം സമ്മാനിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.സി. ജോസഫ്, പി.കെ. ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവര്‍ പങ്കെടുക്കും. ഡിപിഐ എം.എസ്. ജയ സമാപന സന്ദേശം നല്‍കും.ആംബുലന്‍സ് ഉള്‍പ്പെടെ ഹെല്‍ത്തി സ്റ്റെ എന്ന പേരില്‍ വേദികളില്‍ വൈദ്യസഹായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരാര്‍ഥികളെ വേദികളിലേക്കും ഭക്ഷണപന്തലിലേക്കും തിരികെ താമസസ്ഥലത്തേക്കും എത്തിക്കുന്നതിന് 13 ബസ്സുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നഗരപരിധിയിലെ 15 സ്‌കൂളുകളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം താമസസ്ഥലം ഒരുക്കിയിട്ടുണ്ട്.
ഭക്ഷണപ്പന്തലില്‍ ഒരേസമയം 3000 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ടാകും. ഇക്കുറിയും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഏഴു ദിവസവും ഭക്ഷണം തയ്യാറാക്കുന്നത്. കാസര്‍കോട് ജില്ലാ ടീം ഇന്ന് രാവിലെ 6.15ന് മാവേലി എക്‌സ്പ്രസില്‍ തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചേരും. പരാതികള്‍ ഒഴിവാക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് പഴുതടച്ച സംഘാടനമാണ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. വേദികളുടെയെല്ലാം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ വേദികള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി തൃപ്തി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















