തിരുവനന്തപുരം: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടര്‍ച്ചയായി രണ്ടു തവണ കലാതിലകപ്പട്ടം ചൂടി സംസ്ഥാന കലോത്സവത്തില്‍ ചരിത്രമെഴുതിയ ചിത്രകാരിയാണ് സബീന നലവടത്ത്. സബീന നിറക്കൂട്ടൊരുക്കി ക്യന്‍വാസില്‍ കോറിയിട്ട ഒരു ഡസനോളം ചിത്രങ്ങളുമായി കലോത്സവ നഗരിയിലെത്തിയിട്ടുണ്ട്. കലോത്സവവേദി കലാകേരളത്തിന് സംഭാവന ചെയ്ത ചിത്രകാരി കാലമേറെ കഴിഞ്ഞിട്ടും വര്‍ണ്ണങ്ങള്‍ക്കൊപ്പം കലോത്സവത്തെയും ജീവനു തുല്യം സ്‌നേഹിക്കുന്നു.
കാലവും പ്രകൃതിയും സമ്മേളിക്കുന്ന ദൃശ്യ വിസ്മയങ്ങളാണ് സബീനയുടെ ചിത്രങ്ങളെ ആകര്‍ഷണീയമാക്കുന്നത്. കലോത്സവ പ്രതിഭകള്‍ക്ക് മുന്നില്‍ താനിന്നും കലാലോകത്ത് സജീവമായുണ്ടെന്ന് അറിയിക്കനും ചിത്രകലയില്‍ കഴിവുള്ള കുട്ടികളെ കണ്ടെത്തുവാനുമാണ് സബീന ഭര്‍ത്താവ് ഉല്ലാസിനൊപ്പം ഓരോ കലോത്സവ നഗരിയിലും എത്തുന്നത്.
1987,88 വര്‍ഷങ്ങളിലായിരുന്നു സബീന സംസ്ഥാന കലോത്സവത്തില്‍ തിലകമായത്. പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിംഗ്, പദ്യപാരായണം, മോണോ ആക്ട്, തബല എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയായിരുന്ന സബീനയാണ് കണ്ണൂര്‍ ജില്ലയ്‌ക്ക് ആദ്യ കലാതിലകപ്പട്ടം നേടിക്കൊടുത്തത്. നൃത്ത മത്സരങ്ങളില്‍ പങ്കെടുക്കാതെ കലാതിലകമാകുന്ന പെണ്‍കുട്ടിയെന്ന ചരിത്രവും സബീനയുടെ പേരിലാണ്.
മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ ക്ലര്‍ക്കായി ജോലി നോക്കുന്ന ഈ നിറങ്ങളുടെ കൂട്ടുകാരി ഒഴിവുവേളകളില്‍ ചായക്കൂട്ടുകളുടേയും ക്യാന്‍വാസുകളുടേയും ലോകത്ത് ഒതുങ്ങിക്കൂടും. ചിത്രകലാ അദ്ധ്യാപകനായ അന്തരിച്ച നാരായണന്‍ നലവടത്തിന്റേയും നളിനിയുടേയും മകളാണ് സബീന. അച്ചനായിരുന്നു ചിത്രകലയിലെ സബീനയുടെ ഗുരുവും. കലോത്സവം കിരീടം ചൂടിച്ച ഈ ചിത്രകാരി രാജ്യത്തിനകത്തും പുറത്തുമായി നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. എത്ര തിരക്കുണ്ടെങ്കിലും സ്‌കൂള്‍ കലോത്സവത്തിലെ ചിത്രരചന, പെയിന്റിംഗ് മത്സരങ്ങള്‍ കാണുവാന്‍ സബീന പോവുക പതിവാണ്. കഴിഞ്ഞ മുപ്പത് വര്‍ഷമായി മുടക്കം വരുത്തിയിട്ടില്ല.
















