റിയോ ഡി ജനീറോ: ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ബാഡ്മിന്റണിലും ഇന്ത്യക്ക് തുടക്കം പിഴച്ചു. ഇന്നലെ നടന്ന പുരുഷന്മാരുടെയും വനിതകളുടെയും ഡബിൾസിലാണ് ഇന്ത്യ തോൽവിയറിഞ്ഞത്. അതേസമയം വനിതാ സിംഗിൾസിൽ ഇന്ത്യ വിജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തിൽ സൈനയും വിജയം നേടി.
ഗ്രൂപ്പ് ജിയിൽ ബ്രസീലിന്റെ ലാഹെയ്‌നി വിൻസെന്റിനെക്കെതിരെ ആധികാരിക വിജയമാണ് സൈന നേടിയത്. എതിരാളിക്ക് ഒരവസരവും നൽകാതെ തുടക്കം മുതൽ ഉജ്ജ്വല പ്രകടനം നടത്തിയ സൈന 21-17, 21-17 എന്ന ക്രമത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് വിജയം കണ്ടെത്തിയത്.
ഗ്രൂപ്പ് എമ്മിൽ പി.വി. സിന്ധുവാണ് വിജയം നേടിയത്. ഹംഗറിയുടെ ലോറ സരോസിക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. 21-8, 21-9. മത്സരത്തിൽ തികഞ്ഞ ആധിപത്യം പുലർത്തിയ സിന്ധു എതിരാളിക്ക് ഒന്ന് പൊരുതാൻ പോലും അവസരം നൽകാതെ മത്സരം സ്വന്തമാക്കി.
വനിതാ ഡബിൾസിൽ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിന്റെ തുടക്കം തോൽവിയോടെ. ജാപ്പനീസ് സഖ്യമായ അയാകി തകഹാഷ്മി-മിസാകി മട്‌സുടുമോ സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ സഖ്യം കീഴടങ്ങിയത്. സ്‌കോർ 21-15, 21-10. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ജപ്പാൻ സഖ്യത്തിന് വെല്ലുവിളിക്കാൻ ഗുട്ട-പൊന്നപ്പ സഖ്യത്തിന് കഴിഞ്ഞില്ല. മത്സരം 38 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. ലോകചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാക്കളാണ് ജ്വാലയും അശ്വിനിയും.
പുരുഷ ഡബിൾസിൽ മനു അത്രി-സുമീത് റെഡ്ഡി സഖ്യം ഇന്തോനേഷ്യൻ ജോഡികളായ മുഹമ്മദ് അഹ്‌സാൻ-ഹെന്ദ്ര സെത്യാവൻ സഖ്യത്തോടാണ് ഗ്രൂപ്പ് ഡിയിലെ ആദ്യ കളിയിൽ പരാജയപ്പെട്ടത്. 21-18, 21-13 എന്ന ക്രമത്തിൽ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പരാജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: