റിയോ ഡി ജനീറോ: ഒടുവിൽ റിയോയിൽ ഒളിമ്പിക്‌സ് മെഡൽ എന്ന ഇന്ത്യയുടെ സ്വപ്‌നം പൂവണിഞ്ഞു. 31-ാമത് ഒളിമ്പിക്‌സ് റിയോയിൽ 12 ദിനം പിന്നിട്ട ശേഷമാണ് രാജ്യത്തിന്റെ 130 കോടി ജനങ്ങളുടെ അഭിമാനമായി സാക്ഷി മാലിക്ക് എന്ന പെൺസിംഹം വെങ്കലം സ്വന്തമാക്കിയത്.
ഏറെ പ്രതീക്ഷയോടെ റിയോയിലേക്ക് വിമാനം കയറിയവരെല്ലാം തീർത്തും നിരാശപ്പെടുത്തിയതോടെ ഇത്തവണ ഒളിമ്പിക്‌സ് മെഡലില്ലാതെ തിരിച്ച് നാട്ടിലേക്ക് വിമാനം കയറേണ്ടിവരുമെന്ന അവസ്ഥയിൽ നിന്നായിരുന്നു സാക്ഷിയുടെ വെങ്കലമെഡൽ നേട്ടം. അതിന്റെ തിളക്കം സ്വർണ്ണത്തേക്കാൾ കൂടുതലും. സാക്ഷി മെഡൽ നേടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി 23കാരിയായ സാക്ഷിയുടെ സ്വർണ്ണത്തേക്കാൾ തിളക്കമുള്ള ഈ വെങ്കലം. അതും ഒറ്റ ദിവസം തന്നെ അഞ്ച് തവണ ഗോദയിലിറങ്ങിയായിരുന്നു ഈ നേട്ടമെന്നതും ശ്രദ്ധേയം.
റഷ്യയുടെ വലേറിയക്ക് മുന്നിൽ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടിട്ടും റഷ്യൻ താരം ഫൈനലിലെത്തിയതോടെയാണ് റപ്പഷാഗെ റൗണ്ടിൽ മത്സരിക്കാൻ സാക്ഷിക്ക് അവസരം ലഭിച്ചത്. നേരത്തെ റപ്പഷാഗെ റൗണ്ടിൽ മംഗോളിയയുടെ പുറവദോർജ് ഓർക്കോനെ പരാജയപ്പെടുത്തിയ സാക്ഷി രണ്ടാം മത്സരത്തിൽ കിർഗിസ്ഥാന്റെ ഐസുലു ടിൻബെക്കോവയെയും മലർത്തിയടിച്ചാണ് വെങ്കലം സ്വന്തമാക്കിയത്.
‘‘ഈ മെഡൽ എല്ലാ ഇന്ത്യാക്കാർക്കും സമർപ്പിക്കുന്നു. തന്നെ സ്‌നേഹിച്ചവർക്കും ആശംസകൾ നേർന്നവർക്കും, പിന്തുണച്ചവർക്കും നന്ദി‘‘, മെഡൽ നേടിയ ശേഷം സാക്ഷി ട്വിറ്ററിൽ കുറിച്ചു.
ഒളിമ്പിക്‌സ് ചരിത്രത്തിൽ ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യാക്കാരിയെന്ന ബഹുമതിയും ഇനി സാക്ഷിക്ക് സ്വന്തം. ഒപ്പം മെഡൽ നേടുന്ന നാലാമത്തെ വനിതയും. കർണ്ണം മല്ലേശ്വരി (ഭാരോദ്വഹനം, 2000 സിഡ്‌നി), സൈന നെഹ്‌വാൾ (ബാഡ്മിന്റൺ, 2012 ലണ്ടൻ), മേരി കോം (ബോക്‌സിങ്, 2012 ലണ്ടൻ) എന്നിവരാണ് ഒളിമ്പിക്‌സിൽ മെഡൽ നേടിയ മറ്റ് ഇന്ത്യൻ വനിതകൾ. ഒളിമ്പിക്‌സ് ഗുസ്തിയുടെ ചരിത്രത്തിൽ അഞ്ചാം മെഡലാണ് ഇന്ത്യ സാക്ഷിയിലൂടെ നേടിയത്. 1952-ൽ ഹെൽസിങ്കിയിൽ കെ.ഡി. യാദവ് (വെങ്കലം), സുശീൽ കുമാർ (2008-ൽ വെങ്കലം, 2012-ൽ വെള്ളി), യോഗേശ്വർ ദത്ത് (2012 ലണ്ടൻ-വെങ്കലം) എന്നിവരാണ് സാക്ഷിക്ക് മുൻപ് ഒളിമ്പിക്‌സ് ഗുസ്തിയിലെ മെഡൽ ജേതാക്കൾ.
1992 സെപ്തംബർ മൂന്നിന് ഹരിയാനയിലെ റോത്തക്കിനടുത്ത മൊഖ്‌റ ഗ്രാമത്തിലാണ് സാക്ഷിയുടെ ജനനം. ഇന്ത്യൻ ഗുസ്തിയുടെ ഈറ്റില്ലമാണ് റോത്തക്ക്. കുട്ടിയായിരിക്കുമ്പോൾ തൊട്ട് ഗുസ്തിയിൽ താൽപര്യം പ്രകടിപ്പിച്ച സാക്ഷിക്ക് 12-ാം വയസ്സിൽ ഗുസ്തി കോച്ച് ഈശ്വർ ദഹിയയാണ് ബാലപാഠങ്ങൾ പറഞ്ഞുകൊടുത്തത്. എന്നാൽ ഗ്രാമവാസികൾക്ക് സാക്ഷിയുടെ ഗുസ്തി പ്രണയത്തോട് കടുത്ത എതിർപ്പായിരുന്നു. ഒടുവിൽ ഗ്രാമവാസികളുടെ എതിർപ്പിനെ മറികടന്നാണ് മാതാപിതാക്കളായ സുദേഷ് മാലിക്കും സുഖ്‌വീർ മാലിക്കും സാക്ഷിയെ ഗുസ്തി ഗോദയിലേക്ക് വിട്ടത്. സാക്ഷിക്കൊപ്പം മറ്റു ചില പെൺകുട്ടികളും ഗുസ്തി പഠിക്കാൻ ദഹിയയുടെ അടുത്തെത്തി.
എന്നാൽ ഗുസ്തി പഠിക്കാൻ ചോതു റാം സ്‌റ്റേഡിയത്തിലെത്തിയ സാക്ഷിയുടെ സഹപാഠികൾ ആൺകുട്ടികളായിരുന്നു. ഇതോടെ ദഹിയയ്‌ക്കും ഗ്രാമവാസികളുടെ പഴി ഏറെ കേൾക്കേണ്ടിവന്നു. ‘സിംഹങ്ങൾക്കൊപ്പമാണ് ആട്ടിൻകുട്ടികളെ പാർപ്പിക്കുന്നത്’ എന്നായിരുന്നു പ്രധാന ആക്ഷേപം. എങ്കിലും അതെല്ലാം അവഗണിച്ച ഈശ്വർ ദഹിയ സാക്ഷിക്കും കൂട്ടുകാരികൾക്കും ഗുസ്തിയുടെ ബാലപാഠങ്ങൾ പറഞ്ഞുകൊടുക്കാൻ തീരുമാനിച്ചു. സാക്ഷിക്കൊപ്പം കവിത, സുനിത നെഹ്‌റ, സുഷ്മ, സോണിയ തുടങ്ങിയവരാണ് റോത്തക്കിലെ സെന്ററിൽ വളർന്നു വന്നത്. പരിശീലനത്തിനിടെ കരുത്തരായ ആൺകുട്ടികളെ മലർത്തിയടിക്കാൻ സാക്ഷിക്ക് കഴിഞ്ഞിരുന്നു.
2010 ൽ 18-ാമത്തെ വയസിലാണ് സാക്ഷി ഗുസ്തിയിൽ തന്റെ വരവ് അറിയിച്ചത്. ലോക ജൂനിയർ റസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം. 2013-ൽ കോമൺവെൽത്ത് റസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ 63 കി.ഗ്രാം വിഭാഗത്തിൽ വെങ്കലവും 2014 ൽ ഡേവ് ഷുട്‌സ് രാജ്യാന്തര ടൂർണമെന്റിൽ 60 കി.ഗ്രാം വിഭാഗത്തിൽ സ്വർണ്ണവും നേടിയതോടെ സാക്ഷിയുടെ പ്രശസ്തി ഉയർന്നു. 2014 ലെ ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിൽ 58 കി.ഗ്രാം വിഭാഗത്തിൽ വെള്ളി. ഫൈനലിൽ നൈജീരിയൻ താരം അമിനറ്റ് അഡെനിയിയോട് പരാജയപ്പെട്ടു.
കഴിഞ്ഞ വർഷം ദോഹയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 60 കി.ഗ്രാമിൽ വെങ്കലം, ഈ വർഷം ജൂലൈയിൽ 60 കി.ഗ്രാം വിഭാഗത്തിൽ സ്പാനിഷ് ഗ്രാൻഡ് പ്രീയിൽ വെങ്കലം എന്നിവയാണ് സാക്ഷിയുടെ പ്രധാന നേട്ടങ്ങൾ. എന്നാൽ ഒളിമ്പിക്‌സിൽ വെങ്കലം നേടിയതോടെ സാക്ഷി രാജ്യത്തിന്റെ സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണിപ്പോൾ.
On this very auspicious day of Raksha Bandhan, Sakshi Malik, a daughter of India, wins a Bronze & makes all of us very proud. #Rio2016
— Narendra Modi (@narendramodi) August 18, 2016
Sakshi Malik creates history! Congratulations to her for the Bronze. The entire nation is rejoicing.
— Narendra Modi (@narendramodi) August 18, 2016
What great news to wake up to! #SakshiMalik, your resilience at #Rio2016 has made whole of India proud. Many Congratulations!!!
— Sachin Tendulkar (@sachin_rt) August 18, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: