റിയോ ഡി ജനീറോ: ജമൈക്കയുടെ അതിവേഗക്കാരി എലെയ്ൻ തോംസണ് സ്പ്രിന്റ് ഡബിൾ. കഴിഞ്ഞ ദിവസം 100 മീറ്ററിൽ സ്വർണ്ണം നേടി അതിവേഗക്കാരിയായ എലെയ്ൻ തോംസൺ ഇന്നലെ 200 മീറ്ററിലും പൊന്നണിഞ്ഞാണ് ഇരട്ട സ്വർണ്ണം തികച്ചത്.
21.78 സെക്കൻഡിലാണ് എലെയ്ൻ 200 മീറ്ററിൽ ഫിനിഷ് ലൈൻ കടന്നത്. സീസണിലെ ഏറ്റവും മികച്ച വേഗമാണ് എലെയ്ൻ കൈവരിച്ചത്. 1988-ൽ സോൾ ഒളിമ്പിക്‌സിൽ അമേരിക്കയുടെ ഫ്‌ളോറൻസ് ഗ്രിഫ്ത് ജോയ്‌നർ സ്പ്രിന്റ് ഡബിൾ നേടിയ ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതാ താരവുമാണ് എലെയ്ൻ തോംസൺ.
എലെയ്‌ന് കനത്ത വെല്ലുവിളി ഉയർത്തിയ നിലവിലെ ലോക ചാമ്പ്യൻ നെതർലൻഡിന്റെ ഡഫിൻ ഷിപ്പേഴ്‌സ് 21.88 സെക്കൻഡിൽ വെള്ളി നേടി. യുഎസ്എയുടെ ടോറി ബൊവി 22.15 സെക്കൻഡിൽ വെങ്കലം സ്വന്തമാക്കി. സെമിയിൽ ഷിപ്പേഴ്‌സിന് പിന്നിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു എലെയ്ൻ ഫൈനലിലേക്ക് യോഗ്യത നേടിയത്.
നൂറുമീറ്ററിൽ ഷെല്ലി ആൻ ഫ്രേസറിനെ അട്ടിമറിച്ചായിരുന്നു എലെയ്ൻ സ്വർണം നേടിയത്. ഇനി 4-100 മീറ്ററിലും എലെയ്ൻ ജമൈക്കക്ക് വേണ്ടി ഇറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: