ഓക്ലന്‍ഡ്: ലോക ക്രിക്കറ്റിലെ കരുത്തന്മാര് ഇന്ന് നേര്‍ക്കുനേര്‍. ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനുമാണ് പൂള് ബിയില്‍ നടക്കുന്ന പോരാട്ടത്തില്‍ ഇന്ന് ഓക്ലന്‍ഡിലെ ഈഡന് പാര്‍ക്കില്‍ ഏറ്റുമുട്ടുന്നത്. നാല് മത്സരങ്ങൡ നിന്ന് മൂന്ന് വിജയവും ഒരു പരാജയവുമടക്കം ആറ് പോയിന്റുള്ള ദക്ഷിണാഫ്രിക്കക്ക് ഇന്ന് വിജയിക്കാന്‍ കഴിഞ്ഞാല്‍ എട്ട് പോയിന്റുമായി ക്വാര്‍ട്ടറില്‍ സ്ഥാനം പിടിക്കാം. മറിച്ച് പാക്കിസ്ഥാനാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്കും ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ കഴിയും. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടത്തിനായിരിക്കും ഇന്ന് കളമൊരുങ്ങുക.
സിംബാബ്വെയെയും വെസ്റ്റിന്‍ഡീസിനെയും അയര്‍ലന്റിനെയും തകര്‍ത്ത ദക്ഷിണാ്രഫിക്ക ഇന്ത്യക്കെതിരെ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. കരുത്തുറ്റ ബാറ്റിംഗ്-ബൗളിംഗ് നിരയാണ് അവരുടെ കരുത്ത്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് ഒഴികെയുള്ളവരെല്ലാം മികച്ച ഫോമിലാണെന്നത് ഇന്നത്തെ കളിയില്‍ ദക്ഷിണാഫ്രിക്കക്ക് മുന്‍തൂക്കം നല്കുന്നു. കഴിഞ്ഞ ദിവസം അയര്‍ലന്റിനെതിരെ സെഞ്ചുറി നേടിയ ഹാഷിം ആംല, ഡു പ്ലെസിസ് എന്നിവരും ഫോം വീണ്ടെടുത്തതാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. ഒപ്പം ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്സ്മാനുമായ എ.ബി. ഡിവില്ലിയേഴ്സ്, ഡേവിഡ് മില്‍നര്‍, റോസ്സൗവ് എന്നിവരും മികച്ച ഫോമിലാണ്.
ബൗളിംഗ്നിര പ്രകടനത്തിന്റെ കാര്യത്തില്‍ പാക്കിസ്ഥാനേക്കാള്‍ ഏറെ മുന്നിലാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ സ്റ്റെയിന് നയിക്കുന്ന ബൗളിംഗ് നിരയില്‍ മോര്‍ക്കലും അബോട്ടുംഇമ്രാന് താഹിറും ഉള്‍പ്പെടുന്നു. ഈ ബൗളിംഗ്നിരയെ പാക് ബാറ്റ്സ്മാന്മാര് എങ്ങിനെ ഫലപ്രദമായി നേരിടുമെന്നതിനെ ആശ്രയിച്ചായിരിക്കും പാക് സാധ്യതകള്‍.
മറുവശത്ത് പാക്കിസ്ഥാനാകട്ടെ ഇന്ത്യ, വെസ്റ്റിന്‍ഡീസ് ടീമുകളോട് പരാജയപ്പെട്ടാണ് ലോകകപ്പില്‍ തുടങ്ങിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ദുര്‍ബലരായ സിംബാബ്വെയെയും യുഎഇയെയും പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കിയത്. എന്നാല്‍ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ പരാജയപ്പെട്ടാല്‍ അയര്‍ലന്‍ഡുമായുള്ള അവസാന മത്സരത്തിനുശേഷമേ പാക്കിസ്ഥാന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ തീരുമാനമാകൂ.
ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്മയാണ് പാക് ടീമിനെ വലയ്ക്കുന്നത്. ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖും ഉമര്‍ അക്മലും മാത്രമാണ് പാക് നിരയില്‍ ഭേദപ്പെട്ട ഫോമിലുള്ള താരം.
യുഎഇക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ അഹമ്മദ് ഷെഹ്സാദും ഹാരിസ് സൊഹൈലും മഖ്സൂദും ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിംഗ് പടക്കെതിരെ എങ്ങിനെ കളിക്കുമെന്ന് കണ്ടറിയണം. അതേസമയം ഷാഹിദ് അഫ്രീദി ദയനീയപരാജയമാണ്. മുഹമ്മദ് ഇര്‍ഫാനും വഹാബ് റിയാസും സൊഹൈല്‍ ഖാനും ഉള്‍പ്പെട്ട ബൗളിംഗ്നിര കഴിഞ്ഞ മത്സരങ്ങളില്‍ ഭേദപ്പെട്ടരീതിയില്‍ പന്തെറിഞ്ഞിരുന്നു. എന്നാല്‍ പേരുകേട്ട ദക്ഷിണാഫ്രിക്കന്‍ പോരാളികള്‍ക്കെതിരെ ഇവര്‍ എത്രത്തോളം മികവു കാണിക്കുമെന്നാശ്രയിച്ചിരിക്കും മത്സരഫലം.
ഇന്ന് ഹൊബാര്ട്ടില് നടക്കുന്ന പൂള് ബിയിലെ രണ്ടാമത്തെ മത്സരത്തില്‍ അയര്‍ലന്‍ഡ് സിംബാബ്വെയുമായി ഏറ്റുമുട്ടും. കളിച്ച മുന്ന് കളികളില്‍ നിന്ന് രണ്ട് വിജയവും ഒരു പരാജയവുമടക്കം നാല് പോയിന്റുള്ള അയര്‍ലന്‍ഡ് അഞ്ചാം സ്ഥാനത്താണ്. എന്നാല്‍ നാല് കളികളില്‍ നിന്ന് ഒരു ജയം മാത്രമുള്ള സിംബാബ്വെ ആറാം സ്ഥാനത്താണ്. ഇന്ന് അയര്‍ലന്‍ഡ് വിജയിച്ചാല്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: