സിഡ്നി: മുന്‍ ലോക ചാമ്പ്യന്മാര് തമ്മില്‍ വമ്പന്‍ സ്കോറുകളാല് മല്ലിട്ട ലോകകപ്പ് പൂള് എ അങ്കത്തില്‍ ജയം ഓസ്ട്രേലിയയ്ക്കൊപ്പം. ഇതോടെ ഏഴു പോയിന്റുമായി ആതിഥേയര്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 9ന് 376 എന്ന കൂറ്റന്‍ സ്കോര്‍ മെനഞ്ഞു. എന്നാല്‍ ശ്രീലങ്ക വിട്ടുകൊടുത്തില്ല. 46.2 ഓവറുവരെ പൊരുതിയ അവര്‍ 312 ന് പുറത്തായി. 64 റണ്‍സിന്റെ ജയത്തോടെ കങ്കാരുക്കള്‍ നെഞ്ചുവിരിച്ച് കരകയറി.
സവിശേഷമായ രണ്ടിന്നിംഗ്സുകള്‍, അതായിരുന്നു സിഡ്നിയിലെ മത്സരം തന്ന സുന്ദരദൃശ്യങ്ങള്‍.
ആദ്യം ബാറ്റ് ചെയ്ത ഓസീസിനുവേണ്ടി വിസ്ഫോടനാത്മകമായ കളിക്ക് പേരുകേട്ട ഗ്ലെന്‍ മാക്സ്വെല് ഉറഞ്ഞുതുള്ളി. 53 പന്തില്‍ പത്തു ഫോറുകളും നാലു സിക്സറുകളും ഉള്‍പ്പെടെ 102 റണ്‍സ് വാരിയ മാക്സ്വെല് ലങ്കന്‍ പന്തേറുകാരെ നിലംപരിശാക്കി. 51 പന്തില്‍ നൂറ് തികച്ച മാക്സ്വെല് ലോകകപ്പിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിക്കും ഉടമയായി. ഏകദിനത്തില്‍ മാക്സ്വെല്ലിന്റെ കന്നി ശതകവും ഇതു തന്നെ.
പന്തുകളെ ഗുണം നോക്കാതെ തല്ലിയൊതുക്കിയ മാക്സ്വെല് മികച്ച പ്ലെയ്സ്മെന്റുകളിലൂടെ ഫീല്‍ഡിലെ ഗ്യാപ്പുകളെ നന്നായി വിനിയോഗിച്ചു. ലങ്കന്‍ ഫീല്‍ഡര്‍മാരുടെ അലസതയും മാക്സ്വെല്ലിനെ തുണച്ചെന്നു പറയാം. ആരോണ്‍ ഫിഞ്ചിനെയും (24) ഡേവിഡ് വാര്‍ണറെയും (9) തുടക്കത്തിലേ നഷ്ടപ്പെട്ട ഓസീസിന് സ്റ്റീവന്‍ സ്മിത്ത് (72) ക്യാപ്ടന് മൈക്കല്‍ ക്ലാര്‍ക്ക് (68) എന്നിവരുടെ അര്‍ധശതകങ്ങള്‍ അടിത്തറ നല്കി. പിന്നെ മാക്സ്വെല്ലിനൊപ്പം ഷെയ്ന് വാട്സനും (41 പന്തില്‍ 67, ഏഴ് ഫോര്‍, രണ്ട് സിക്സ്) അടിച്ചുതകര്‍ത്തപ്പോള്‍ അവര്‍ ഉശിരന്‍ സ്കോര്‍ ഉറപ്പിച്ചു. ലങ്കയ്ക്കുവേണ്ടി ലസിത് മലിംഗയും തിസാര പെരേരയും രണ്ടിരകളെ വീതം കണ്ടെത്തി.
കുമാര്‍ സംഗക്കാര (104) എന്ന പ്രതിഭയിലൂടെയായിരുന്നു ഓസീസിന് ലങ്ക ചുട്ട മറുപടി നല്‍കുന്നത് ഇടവേളയ്ക്കുശേഷമുള്ള ഭാഗം. സംഗയുടെ ക്ലാസിക്ക് ഇന്നിംഗ്സില്‍ 11 ബൗണ്ടറികള്‍ ഇഴുകിച്ചേര്‍ന്നു. ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നു സെഞ്ച്വറി തികച്ച ആദ്യ താരവും സംഗ തന്നെ. തിലകരത്നെ ദില്‍ഷനും (62) സംഗയും ക്രീസില്‍ നിന്നപ്പോള്‍ ലങ്ക ജയിക്കുമെന്നു തോന്നി.
മിച്ചല്‍ ജോണ്‍സനെ ഒരോവറില്‍ ആറു ഫോറുകള്‍ക്ക് പറത്തിയ ദില്ഷന് തന്റെ ഹിറ്റിങ് പവര്‍ അടിവരയിട്ടു. പിന്നെ എയ്ഞ്ചലോ മാത്യൂസും (35) ദിനേശ് ചാന്ദിമലും (52 റിട്ട.ഹര്‍ട്ട്) ഒന്നിച്ചപ്പോഴും സിംഹളവീരര്‍ വിജയം മണക്കുകയുണ്ടായി. പക്ഷേ, പേശിവലിവുമൂലം ചാന്ദിമല്‍ കരകയറിയതും അതിനു പിന്നാലെയുള്ള മാത്യൂസിന്റെ മടക്കവും ലങ്കയെ അതിദ്രുതം തോല്‍വിയിലേക്കു കൂട്ടിക്കൊണ്ടുപോയി. വേണ്ട സമയത്ത് വിക്കറ്റുകള്‍ വീഴ്ത്തുകയും സമ്മര്‍ദ്ദ നിമിഷങ്ങളില്‍ മികവുകാട്ടുകയും ചെയ്ത ഓസീസ് ബൗളര്‍മാര്‍ മാനം രക്ഷിച്ചെടുക്കുകയായിരുന്നു. ജെയിംസ് ഫാല്ക്നര്ക്ക് മൂന്ന് വിക്കറ്റ്. മിച്ചല്‍ ജോണ്‍സനും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടുപേരെ വീതം കൂടാരം കയറ്റി.
സ്കോര്‍ ബോര്‍ഡ്:
ഓസ്ട്രേലിയ-
ഫിഞ്ച് സ്റ്റംപ്ഡ് സംഗക്കാര ബി പ്രസന്ന 24, വാര്‍ണര്‍ സി പ്രസന്ന ബി മലിംഗ 9, സ്റ്റീവന്‍ സ്മിത്ത് സി പെരേര ബി ദില്ഷന് 72, ക്ലാര്ക്് ബി മലിംഗ 68, മാക്സ് വെല്‍ സി മലിംഗ ബി പെരേര 102, വാട്സന് സി ചാന്ദിമല്‍ ബി പെരേര 67, ഫാല്‍ക്നര്‍ റണ്ണൗട്ട് 0, ഹാഡിന് സി പെരേര ബി മാത്യൂസ് 25, ജോണ്സന് നോട്ടൗട്ട് 3, സ്റ്റാര്‍ക്ക് റണ്ണൗട്ട് 0, സേവ്യര്‍ ദോഹര്‍ത്തി നോട്ടൗട്ട് 0. എക്സ്ട്രാസ് 6. ആകെ 9ന് 376 (50 ഓവര്‍).
വിക്കറ്റ് വീഴ്ച: 1-9, 2-41, 3-175, 4-177, 5-337, 6-338, 7-368, 8-373, 9-374
ബൗളിംഗ്: ലസിത് മലിംഗ 10-0-59-2, സചിത്ര സേനാനായകെ 9-0-59-0, എയ്ഞ്ചലോ മാത്യൂസ് 7-0-59-1, സീക്കുഗെ പ്രസന്ന 10-0-77-1, തിസാര പെരേര 9-0-87-2, തിലകരത്നെ ദില്ഷന് 5-0-33-1
ശ്രീലങ്ക-
ലാഹിരു തിരിമ്മന്നെ സി ഹാഡിന് ബി ജോണ്സന് 1, ദില്ഷന് എല്‍ബിഡബ്ല്യൂ ബി ഫാല്‍ക്നര്‍ 62, സംഗക്കാര സി ഫിഞ്ച് ബി ഫാല്‍ക്നര്‍ 104, ജയവര്‍ധനെ റണ്ണൗട്ട് 19, മാത്യൂസ് സി ഹാഡിന് ബി വാട്സന് 35, ചാന്ദിമല്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് 52, പെരേര സി ദോഹര്‍ത്തി ബി ജോണ്സന് 8, ഉപുല്‍ തരംഗ സി വാര്‍ണര്‍ ബി ഫാല്‍ക്നര്‍ 4, പ്രസന്ന ബി സ്റ്റാര്‍ക്ക് 9, സേനാനായകെ സി ദോഹര്‍ത്തി ബി സ്റ്റാര്‍ക്ക് 7, മലിംഗ നോട്ടൗട്ട് 7. എക്സ്ട്രാസ് 11. ആകെ 312 (46.2).
വിക്കറ്റ് വീഴ്ച: 1-5, 2-135, 3-188, 4-201, 4-281*, 5-283, 6-293, 7-305, 8-307, 9-312
ബൗളിംഗ്: മിച്ചല്‍ സ്റ്റാര്‍ക്ക് 8.2-0-29-2, മിച്ചല്‍ ജോണ്സന് 9-0-62-2, ഷെയ്ന് വാട്സന് 7-0-71-1, സേവ്യര്‍ ദോഹര്‍ത്തി 7-0-60-0, ഗ്ലെന്‍ മാക്സ് വെല്‍ 6-0-35-0, ജെയിംസ് ഫാല്‍ക്നര്‍ 9-0-48-3
പ്രതികരിക്കാൻ ഇവിടെ എഴുതുക: