ലണ്ടന്‍: അമൂല്യമായ ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടുന്ന ആദ്യ ഇന്ത്യക്കാരിയാവാമെന്ന സൂപ്പര്‍ താരം സൈന നെവാളിന്റെ സ്വപ്നം പൊലിഞ്ഞു. കലാശക്കളിയില്‍ സ്പെയ്നിന്റെ കരോലിന മാരിനോട് 21-16, 14-21, 7-21 എന്ന സ്കോറിന് കീഴടങ്ങിയ സൈന ആരാധകരെ നിരാശപ്പെടുത്തി.
ഫൈനലിന്റെ തുടക്കത്തില്‍ ആത്മവിശ്വാസത്തോടെയാണ് സൈന റാക്കറ്റ് വീശിയത്. കിടിലന്‍ സ്മാഷുകളാല് കളം നിറഞ്ഞ സൈന സ്പാനിഷ് പ്രതിയോഗിയെ വെള്ളംകുടിപ്പിച്ചു.
11-6, 19-10 എന്നിങ്ങനെ ലീഡ് കൈക്കലാക്കി സൈന അനായാസം ഗെയിം പോക്കറ്റിലെത്തിച്ചു. രണ്ടാം ഗെയിമിലും സൈന തന്നെയായിരുന്നു മുന്നിട്ടു നിന്നത് (5-1). എങ്കിലും പിന്നീട് കാര്യങ്ങള്‍ അനുകൂലമാക്കിയ കരോലിന ഗെയിം പിടിച്ചെടുത്ത് കളിയിലേക്ക് മടങ്ങിവന്നു.
നിര്‍ണായക മൂന്നാം ഗെയിമില്‍ മികവിന്റെ പാരമ്യതയിലെത്തിയ കരോലിന സൈനയെ ശ്വാസംമുട്ടിക്കുന്നതാണ് കണ്ടത്. തുടര്‍ പോയിന്റുകള്‍ വാരിയ കരോലിന സൈനയെ നിര്‍ദയം ശിക്ഷിച്ച് ചാമ്പ്യന്‍ഷിപ്പിലേക്ക് റിട്ടേണ്‍ തൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: