സിഡ്നി: ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാതെ പുറത്തായ ഇംഗ്ലണ്ടിന് അവസാന മത്സരത്തില്‍ ജയം. മഴ പല തവണ തടസ്സപ്പെടുത്തിയ കളിയില്‍ ഇംഗ്ലണ്ട് ഇന്നലെ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. മൂന്ന് തവണ മഴ തടസ്സപ്പെടുത്തിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 36.2 ഓവറില്‍ 7 വിക്കറ്റിന് 111 റണ്‍സെടുത്തു. എന്നാല്‍ ഏറെനേരം കളി മുടങ്ങിയതിനാല്‍ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 25 ഓവറില്‍ 101 റണ്‍സായി പുനര്‍ക്രമീകരിച്ചു. പുറത്താകാതെ 52 റണ്‍സെടുത്ത ഇയാന്‍ ബെല്ലിന്റെയും 37 റണ്‍സെടുത്ത ഹെയ്ല്‍സിന്റെയും മികച്ച ബാറ്റിംഗിന്റെ കരുത്തില്‍ 18.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. 6.2 ഓവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 13 റണ്‍ വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്‍ദാനാണ് മാന്‍ ഓഫ് ദ മാച്ച്.
അഫ്ഗാനിസ്ഥാന് 36.2 ഓവറില്‍ ഏഴിന് 117 എന്ന നിലയില്‍ നില്ക്കേയെത്തിയ മഴയെതുടര്‍ന്ന് കളി ഏറെ നേരം തടസ്സപ്പെട്ടു. പിന്നീട് മഴമാറിയപ്പോള്‍ ഡെക്ക്വര്ത്ത്ഫലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിന് വിജയലക്ഷ്യം പുനര്‍നിര്‍ണ്ണയിച്ച് നല്‍കുകയായിരുന്നു. നേരത്തേ രണ്ടുവട്ടം കളി മഴ മുടക്കിയതിനെ തുടര്‍ന്ന് മത്സരം 45 ഓവറാക്കിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ തുടക്കം വന്‍ തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ 65 റണ്‍സായപ്പോഴേക്കും അഞ്ച് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. പിന്നീട് മധ്യനിരയുടെ ചെറുത്തുനില്പാണ് അഫ്ഗാനെ വമ്പന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 64 പന്തില്‍ 30 റണ്‍സെടുത്ത ഷഫീഖുള്ളയാണ് അവരുടെ ടോപ്സ്കോറര്‍. നസിര്‍ ജമാല്‍ (17), മുഹമ്മദ് നബി (16), നജിബുള്ള സദ്രാന് (12 നോട്ടൗട്ട്) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റ്സ്മാന്മാര്. ജോര്‍ദാന്‍ പുറമെ രവി ബൊപ്പാറയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഹെയ്ല്‍സും (37) ബെല്ലും (52 നോട്ടൗട്ട്) ചേര്‍ന്ന് മികച്ച തുടക്കം നല്കി. 13.3 ഓവറില്‍ സ്കോര്‍ 83-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് ടെയ്ലറെ (8നോട്ടൗട്ട്) കൂട്ടുപിടിച്ച് ബെല്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: